വിദ്യാലയങ്ങളുടെ സുരക്ഷയും ​ഗുണനിലവാരവും ലക്ഷ്യം; പുതിയ മാർഗ്ഗരേഖ പ്രഖ്യാപിച്ച് യുഎഇ

ദേശീയ വ്യക്തിത്വം കാത്തുസൂക്ഷിക്കുക എന്നതാണ് ഈ പരിഷ്കരണത്തിലെ ആദ്യ ഘടകം

യുഎഇയിലെ പൊതുവിദ്യാലയങ്ങൾക്കായി മാർഗ്ഗരേഖ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രാലയം. വിദ്യാലയങ്ങളുടെ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള നാല് പ്രധാന മേഖലകളിലൂന്നിയാണ് പുതിയ സമഗ്ര പരിശോധനാ മാർഗ്ഗരേഖ. ഈ അധ്യയന വർഷം മുതൽ പുതിയ സംവിധാനം പ്രാബല്യത്തിൽ വരും.

ദേശീയ വ്യക്തിത്വം കാത്തുസൂക്ഷിക്കുക എന്നതാണ് ഈ പരിഷ്കരണത്തിലെ ആദ്യ ഘടകം. ഇതനുസരിച്ച് സ്കൂളുകളിൽ ദേശീയ പതാക ഉയർത്തുക, ദേശീയ ഗാനം ആലപിക്കുക, ഭരണാധികാരികളുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുക എന്നിവ നിർബന്ധമാക്കിയിട്ടുണ്ട്. അറബി ഭാഷയ്ക്കും എമിറാത്തി സംസ്കാരത്തിനും മുൻഗണന നൽകുന്നതിനൊപ്പം അധ്യാപകരുടെ പെരുമാറ്റച്ചട്ടങ്ങളും കൃത്യമായ ലൈസൻസും മന്ത്രാലയം ഉറപ്പുവരുത്തും. പാഠ്യപദ്ധതിയും അക്കാദമിക് കലണ്ടറും കൃത്യമായി പിന്തുടരുന്നതിനൊപ്പം ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ആവശ്യമായ പ്രത്യേക പഠനസൗകര്യങ്ങളും സ്കൂളുകളിൽ ഒരുക്കണം.

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളും ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങളുമാണ് അടുത്ത ഘട്ടം. ക്ലാസ് മുറികൾ, ലൈബ്രറികൾ, ലബോറട്ടറികൾ എന്നിവയുടെ സുരക്ഷയും വൃത്തിയും കർശനമായി പരിശോധിക്കും. സിവിൽ ഡിഫൻസ് സർട്ടിഫിക്കറ്റോടെയുള്ള അഗ്നിശമന സംവിധാനങ്ങൾ, സ്കൂൾ ബസുകളുടെ സുരക്ഷ, ക്ലിനിക്കുകളുടെയും കാന്റീനുകളുടെയും ശുചിത്വം എന്നിവയും പരിശോധനയുടെ പരിധിയിൽ വരും. പൂർണ്ണമായ ഉത്തരവാദിത്തത്തോടെയും സുരക്ഷിതത്വത്തോടെയും അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുകയാണ് ഇതിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.

Content Highlights: The UAE has introduced new guidelines aimed at enhancing safety and improving quality standards in schools. The framework focuses on student welfare, infrastructure improvements, and stricter compliance measures to ensure a better learning environment across educational institutions.

To advertise here,contact us