ദുബായിൽ വാടകവീടുകളിൽ നിന്ന് സ്വന്തം വീടെന്ന സ്വപ്നത്തിലേക്ക് കുടിയേറി ആയിരക്കണക്കിന് പ്രവാസികൾ. ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റും ഇക്കണോമി ആൻഡ് ടൂറിസം ഡിപ്പാർട്ട്മെന്റും സംയുക്തമായി ആരംഭിച്ച 'ഫസ്റ്റ് ടൈം ഹോം ബെയർ' പദ്ധതിയിലൂടെ ഒരു വർഷത്തിനിടെ 3,200ലധികം പേരാണ് ആദ്യമായി സ്വന്തം വീട് വാങ്ങിയത്. അഞ്ച് ശതകോടിയിലധികം ദിർഹത്തിന്റെ റെക്കോർഡ് ഇടപാടുകളാണ് ഈ പദ്ധതിയിലൂടെ ദുബായ് പ്രോപ്പർട്ടി വിപണിയിൽ നടന്നത്.
പ്രവാസികൾക്ക് സ്വന്തമായി ഒരു വീടെന്ന സ്വപ്നം എളുപ്പമാക്കാൻ ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റ് തുടങ്ങിയ പദ്ധതിയാണ് വിപണിയിൽ വൻ തരംഗം സൃഷ്ടിക്കുന്നത്. പ്രാരംഭ തടസ്സങ്ങൾ കുറച്ചതോടെ ഇതുവരെ മൂവായിരത്തി ഇരുനൂറിലധികം പേർ വീട് സ്വന്തമാക്കി. വർഷങ്ങളായി ദുബായിൽ വാടകയ്ക്ക് താമസിക്കുന്നവരും പുതിയ പ്രൊഫഷണലുകളുമാണ് വീട് വാങ്ങിയവരിൽ ഭൂരിഭാഗവും. യുഎഇയിലെ പ്രമുഖരായ ഒൻപതോളം റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരാണ് ഈ പദ്ധതിക്ക് പിന്തുണയുമായി സർക്കാരിനൊപ്പം കൈകോർത്തത്.
ദുബായിലെ ജനസംഖ്യയും സാമ്പത്തിക ആകർഷണീയതയും വർദ്ധിക്കുന്ന സാഹചര്യത്തിൽ വസ്തുവകകൾ വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്. ഭാവിയിൽ പ്രോപ്പർട്ടി വില ഇനിയും ഉയരുമെന്നതിനാൽ ഇത്തരം സർക്കാർ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തുന്നത് വലിയ ലാഭമാകുമെന്നാണ് റിയൽ എസ്റ്റേറ്റ് മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം.
സ്വദേശികളായ യുവതലമുറയും തങ്ങളുടെ ആദ്യ വസതികൾ സ്വന്തമാക്കാൻ ഈ സർക്കാർ പദ്ധതി വ്യാപകമായി പ്രയോജനപ്പെടുത്തുന്നുണ്ട്. വാടക വിപണിയിലെ നിരന്തരമായ മാറ്റങ്ങളിൽ നിന്നും വിലക്കയറ്റത്തിൽ നിന്നും സംരക്ഷണം നൽകാൻ സ്വന്തം വീട് വാങ്ങുന്നതിലൂടെ സാധിക്കും. താൽക്കാലികമായി ജോലി ചെയ്യാൻ മാത്രം വരുന്നതിന് പകരം ദുബായിൽ സ്ഥിരതാമസമാക്കാൻ പ്രവാസികളെ പ്രേരിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം.
സ്വന്തമായി വീട് വാങ്ങുന്നതോടെ പ്രവാസികൾ പ്രാദേശിക സമ്പദ്വ്യവസ്ഥയിൽ കൂടുതൽ നിക്ഷേപം നടത്താൻ താൽപ്പര്യം കാണിക്കുന്നുണ്ട്. വിനോദസഞ്ചാര കേന്ദ്രം എന്നതിനപ്പുറം പ്രവാസികൾക്ക് സ്ഥിരമായി വേരുകളൂന്നാൻ പറ്റിയ മണ്ണായി ദുബായ് മാറുന്നതാണ് ഈ റിയൽ എസ്റ്റേറ്റ് വിപ്ലവം തെളിയിക്കുന്നത്.
Content Highlights: A growing number of expatriates in Dubai are shifting from rented accommodation to owning homes, supported by the “First-Time Home Buyer” initiative. The program aims to make property ownership more accessible by offering financial facilitation and encouraging long-term residency stability.