എബോള വൈറസ് വ്യാപനം; ​ഗൾഫ് രാജ്യങ്ങളിലേക്ക് യാത്ര നിർദ്ദേശങ്ങളുമായി വിമാനക്കമ്പനികൾ

യാത്ര പുറപ്പെടുന്നതിന് മുൻപ് അതത് രാജ്യങ്ങളിലെ ഔദ്യോഗിക സർക്കാർ ചാനലുകൾ വഴി നിലവിലെ യാത്രാ മാനദണ്ഡങ്ങളും നിബന്ധനകളും പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് വിമാനക്കമ്പനികൾ യാത്രക്കാരോട് ആവശ്യപ്പെട്ടു.

എബോള വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യുഎഇ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങൾ യാത്രാ നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ യാത്രക്കാർക്കായി അടിയന്തര ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് പ്രമുഖ വിമാനക്കമ്പനികളായ എമിറേറ്റ്സും ഫ്ലൈദുബായും. വൈറസ് ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പല രാജ്യങ്ങളും പുതിയ പ്രവേശന വിലക്കുകളും കർശനമായ ആരോഗ്യപരിശോധനകളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് എമിറേറ്റ്സ് വ്യക്തമാക്കി. യാത്രാതടസ്സങ്ങൾ ഒഴിവാക്കുന്നതിനായി, യാത്ര പുറപ്പെടുന്നതിന് മുൻപ് അതത് രാജ്യങ്ങളിലെ ഔദ്യോഗിക സർക്കാർ ചാനലുകൾ വഴി നിലവിലെ യാത്രാ മാനദണ്ഡങ്ങളും നിബന്ധനകളും പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് വിമാനക്കമ്പനികൾ യാത്രക്കാരോട് ആവശ്യപ്പെട്ടു.

അതിനിടെ എബോള വൈറസ് പടരുന്ന സാഹചര്യത്തിൽ കോംഗോ, യുഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പുതിയ വിസ നൽകുന്നത് യുഎഇ താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. വൈറസ് പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ അടിയന്തര തീരുമാനം. കൂടാതെ ഈ രാജ്യങ്ങളിൽ നിന്ന് നിലവിൽ യുഎഇയിൽ എത്തുന്ന യാത്രക്കാർക്കായി വിമാനത്താവളങ്ങളിലും മറ്റ് പ്രവേശന കവാടങ്ങളിലും പ്രത്യേക നിരീക്ഷണവും കർശന പരിശോധനകളും ശക്തമാക്കും.

നേരത്തെ എബോള രോ​ഗബാധയുമായി ബന്ധപ്പെട്ട ആരോഗ്യ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ മൂന്ന് രാജ്യങ്ങളിലേക്ക് യുഎഇ യാത്രാവിലക്കേർപ്പെടുത്തിയിരുന്നു. അടിയന്തിര ആവശ്യങ്ങൾക്കല്ലാതെ യുഗാണ്ട, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനാണ് യുഎഇ വിദേശകാര്യ മന്ത്രാലയം വിലക്കേർപ്പെടുത്തിയിരുന്നത്.

Content Highlights: Amid concerns over the spread of the Ebola virus, several airlines have issued travel advisories for passengers traveling to Gulf countries. Travelers are being urged to follow health guidelines, monitor official updates, and comply with screening procedures introduced to prevent the spread of the disease.

To advertise here,contact us