ദുബായ് ശൈഖ് സായിദ് റോഡിനെയും ദുബായ് ഹാർബറിനെയും ബന്ധിപ്പിക്കുന്ന പുതിയ പാലത്തിന്റെ 90 ശതമാനം പണികളും പൂർത്തിയായി. പാലം തുറക്കുന്നതോടെ യാത്രാസമയം 12 മിനിറ്റിൽ നിന്ന് വെറും മൂന്ന് മിനിറ്റായി കുറയുമെന്ന് ആർടിഎ അറിയിച്ചു. ഈ മാസം തന്നെ പാലത്തിന്റെ ഒന്നാം ഘട്ടം ഗതാഗതത്തിനായി തുറന്നുകൊടുക്കും.
ഇരുദിശകളിലേക്കുമായി രണ്ട് വരികൾ വീതമുള്ള, 1,500 മീറ്റർ നീളമുള്ള ഈ കൂറ്റൻ മേൽപ്പാലമാണ് പൂർത്തിയായി വരുന്നത്. നിലവിൽ ശൈഖ് സായിദ് റോഡിൽ നിന്ന് ദുബായ് ഹാർബറിലേക്ക് പ്രവേശിക്കാൻ പന്ത്രണ്ട് മിനിറ്റോളം സമയമെടുത്തിരുന്ന സ്ഥാനത്ത്, പുതിയ പാലം സജ്ജമാകുന്നതോടെ യാത്രാ സമയം വെറും മൂന്ന് മിനിറ്റായി ചുരുങ്ങും.
ഇരുഭാഗങ്ങളിലേക്കുമായി ഓരോ മണിക്കൂറിലും ആറായിരം വാഹനങ്ങളെ വരെ ഉൾക്കൊള്ളാൻ ഈ ആധുനിക പാതയ്ക്ക് ശേഷിയുണ്ട്. ഈ മാസം ആരംഭിക്കുന്ന ഒന്നാം ഘട്ടത്തിൽ ശൈഖ് സായിദ് റോഡിൽ നിന്ന് ദുബായ് ഹാർബറിലേക്കുള്ള ഗതാഗതം അനുവദിക്കും. തുടർന്ന് ജൂലൈയിലെ രണ്ടാം ഘട്ടത്തിൽ ദുബൈ ഹാർബറിൽ നിന്ന് അൽ നസീം സ്ട്രീറ്റിലേക്കും മറ്റ് പ്രധാന കവലകളിലേക്കുമുള്ള പാതകൾ തുറന്നുകൊടുക്കും.
ശൈഖ് സായിദ് റോഡിലെ ഇന്റർചേഞ്ച് 5-ൽ നിന്ന് ആരംഭിക്കുന്ന പാലം ദുബൈ ഹാർബർ സ്ട്രീറ്റ് വരെയാണ് നീളുന്നത്. നാല് പ്രധാന ജംഗ്ഷനുകളുടെ നവീകരണവും ഇതിനൊപ്പം പൂർത്തിയാക്കിയിട്ടുണ്ട്. എഞ്ചിനീയറിംഗ് രംഗത്തെ അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് പാലത്തിന്റെ നിർമ്മാണം. 12 ടീമുകളിലായി ആയിരത്തി നാനൂറിലധികം എഞ്ചിനീയർമാരും തൊഴിലാളികളുമാണ് നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാളികളായത്. ദുബായ് നഗരത്തിലെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് പുതിയൊരു നാഴികക്കല്ലാകുന്ന ഈ പാലം ദുബായ് ഹാർബർ പരിസരത്തെ ഗതാഗതക്കുരുക്കിന് വലിയ പരിഹാരമാകും.
Content Highlights: Authorities have announced that the bridge connecting Sheikh Zayed Road and Dubai Harbour is 90 percent complete. The major infrastructure project is expected to improve traffic flow, reduce travel time, and enhance connectivity to key residential, commercial, and tourism destinations in Dubai.