ഷാർജയിലെ ബലിപെരുന്നാൾ ആഘോഷങ്ങൾക്കായി വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി. ഷാർജ നിക്ഷേപ വികസന അതോറിറ്റിയുടെ കീഴിലുള്ള പ്രധാന വിനോദകേന്ദ്രങ്ങളിൽ പെരുന്നാൾ അവധി ദിനങ്ങളായ 27 മുതൽ 31 വരെ വിവിധ കലാ-സാംസ്കാരിക പരിപാടികളും പ്രദർശനങ്ങളും അരങ്ങേറും. അൽഖസ്ബ, അൽ മജാസ് വാട്ടർഫ്രണ്ട്, അൽ ഹീറ ബീച്ച്, മലീഹ നാഷനൽ പാർക്ക്, ഖോർഫക്കാൻ ബീച്ച് എന്നിവിടങ്ങളിലാണ് പ്രധാന ആഘോഷങ്ങൾ ഒരുക്കിയിരിക്കുന്നത്.
അൽഖസ്ബയിലെ മസ്ര തീയറ്ററിൽ 'മാജിക് ഫിൽ' എന്ന നാടകം അരങ്ങേറുമ്പോൾ, അൽ ഹീറ ബീച്ചിൽ പുസ്തകമേളയും കുട്ടികൾക്കായുള്ള കഥപറച്ചിൽ സെഷനുകളും സജ്ജമാക്കിയിട്ടുണ്ട്. വാനനിരീക്ഷണം, മരുഭൂമിയിലെ 4X4 യാത്രകൾ, ഫോസിൽ-ക്യാമൽ റോക്ക് സന്ദർശനം എന്നിവയുമായി മലീഹ നാഷനൽ പാർക്ക് സാഹസികർക്കായി പ്രത്യേക പാക്കേജുകളും ഒരുക്കുന്നു. അൽഹീറ, ഖോർഫക്കാൻ ബീച്ചുകളിൽ കുട്ടികൾക്കായി പ്രത്യേക കളിക്കളങ്ങളും ശിൽപശാലകളും ലൈവ് ഷോകളും ക്രമീകരിച്ചിട്ടുണ്ട്. അൽ മജാസ് വാട്ടർഫ്രണ്ട്, അൽ നൂർ ഐലൻഡ്, ഹാർട്ട് ഓഫ് ഷാർജ തുടങ്ങിയ ഇടങ്ങളും സന്ദർശകർക്കായി തുറന്നിരിക്കും.
കുടുംബങ്ങൾക്കും കുട്ടികൾക്കും ഒത്തുചേരാൻ പറ്റിയ ഒട്ടേറെ വൈവിധ്യമാർന്ന പരിപാടികളാണ് ഇത്തവണത്തെ പെരുന്നാൾ അവധിക്കാലത്തെ ആകർഷണീയമാക്കുന്നത്. പ്ലാറ്റിനം ലിസ്റ്റ് വെബ്സൈറ്റ് വഴി നാടകത്തിനുള്ള ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. ഓരോ കേന്ദ്രത്തിലും സന്ദർശകരുടെ തിരക്ക് മുന്നിൽ കണ്ട് വിപുലമായ ക്രമീകരണങ്ങളാണ് അധികൃതർ ഏർപ്പെടുത്തിയിട്ടുള്ളത്. പ്രവാസികൾക്കും സ്വദേശികൾക്കും ഒരുപോലെ സന്തോഷം പകരുന്ന ആഘോഷങ്ങൾക്കാണ് ഷാർജ വേദിയാകുന്നത്. ഈദ് അവധി ദിനങ്ങളിൽ കുടുംബസമേതം ആഘോഷങ്ങളിൽ പങ്കുചേരാൻ എല്ലാവർക്കും അവസരമുണ്ടാകും.
Content Highlights: