പ്രവാസികൾക്ക് സന്തോഷവാർ‌ത്ത; യുഎഇയിൽ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾക്ക് പുതിയ കേന്ദ്രങ്ങൾ തുടങ്ങുന്നു

പ്രവാസികൾക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന പ്രധാന നഗരങ്ങളിലാണ് പുതിയ ഓഫീസുകൾ തുറക്കുന്നത്

യുഎഇയിലെ 43 ലക്ഷത്തോളം വരുന്ന ഇന്ത്യൻ പ്രവാസികൾക്ക് പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ ഇനി മുതൽ കൂടുതൽ വേഗത്തിലും കുറഞ്ഞ നിരക്കിലും ലഭ്യമാകും. ഇതുവരെ സേവനങ്ങൾ നൽകിയിരുന്ന ബിഎൽഎസ് ഇന്റർനാഷനലിന് പകരം പ്രമുഖ ട്രാവൽ ഗ്രൂപ്പായ അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസാണ് പുതിയ കരാർ സ്വന്തമാക്കിയത്. അബുദാബിയിലെ ഇന്ത്യൻ എംബസിയിൽ നടന്ന ചടങ്ങിൽ ഒപ്പുവെച്ച ഈ കരാർ പ്രകാരം, ജൂലൈ ഒന്ന് മുതൽ പുതിയ 16 കോൺസുലർ സർവീസ് കേന്ദ്രങ്ങൾ യുഎഇയിലുടനീളം പൂർണ്ണമായി പ്രവർത്തനസജ്ജമാകും.

പ്രവാസികൾക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന പ്രധാന നഗരങ്ങളിലാണ് പുതിയ ഓഫീസുകൾ തുറക്കുന്നത്. അബുദാബിയിൽ അൽ ഖാലിദിയ, അൽ റീം ഐലൻഡ്, മുസഫ, മദീനാത് സായിദ്, ഗയാത്തി, അൽ ഐൻ എന്നിവിടങ്ങളിലാകും ഓഫീസുകൾ. ദുബായിൽ ബർ ദുബായ്, ദുബായ് ഇൻവെസ്റ്റ്‌മെന്റ് പാർക്ക് (കൂടുതൽ കൗണ്ടറുകളോട് കൂടിയ വിപുലമായ സൗകര്യം) എന്നിവടങ്ങളിൽ ഓഫീസുകൾ പ്രവർത്തിക്കും. ഷാർജയിൽ അൽ മജാസ്, റോള എന്നിവടങ്ങളിലും മറ്റ് എമിറേറ്റുകളായ അജ്മാനിൽ (അൽ ജുർഫ്), ഫുജൈറ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ, ഖോർഫക്കാൻ (കോർണിഷ്), കൽബ എന്നിവടങ്ങളിലും പുതിയ കേന്ദ്രങ്ങൾ പ്രവർത്തിക്കും. ഈ കേന്ദ്രങ്ങളുടെ പൂർണ്ണമായ വിലാസം അധികൃതർ ഉടൻ പുറത്തുവിടും.

ഇന്ത്യൻ എംബസിയും ദുബായ് കോൺസുലേറ്റും സംയുക്തമായി നടത്തിയ രാജ്യാന്തര ടെൻഡറിലൂടെയാണ് മൂന്ന് വർഷത്തേക്ക് അൽഹിന്ദ് ഗ്രൂപ്പ് ഈ കരാർ നേടിയത്. വെറും 19 ദിർഹം മാത്രമാണ് ഒരു ട്രാൻസാക്ഷന് സർവീസ് ചാർജായി ഈടാക്കുക. ബയോമെട്രിക് ഫോട്ടോ എടുക്കൽ ഉൾപ്പെടെയുള്ള സേവനങ്ങൾ ഇതിൽ ഉൾപ്പെടും.

പാസ്‌പോർട്ട് പുതുക്കൽ, വീസ പ്രോസസിങ് ​ആന്റ് ഒസിഐ കാർഡ് അപേക്ഷകൾ, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, സറണ്ടർ സർട്ടിഫിക്കറ്റ് ആന്റ് അറ്റസ്റ്റേഷൻ സേവനങ്ങൾ, ഗ്ലോബൽ എൻട്രി പ്രോഗ്രാം വെരിഫിക്കേഷൻ എന്നിവയാണ് പ്രധാന സേവനങ്ങൾ. പുതിയ കേന്ദ്രങ്ങൾ വരുന്നതോടെ പ്രവാസികൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlights: Indian expatriates in the UAE are set to benefit from new passport service centres that will improve access to consular facilities. The initiative aims to make passport-related services more convenient and efficient for applicants.

To advertise here,contact us