ദുബായ് വിമാനത്താവളത്തില്‍ സ്മാര്‍ട്ട് സംവിധാനങ്ങളിലൂടെ യാത്രാ നടപടികള്‍ പൂര്‍ത്തിയാക്കുന്ന 'റെഡ് കാര്‍പറ്റ്' സ്മാര്‍ട്ട് കോറിഡോര്‍ പദ്ധതിക്ക് ആഗോള പുരസ്കാരം. സര്‍ക്കാര്‍ മേഖലയിലെ മികച്ച നവീകരണ പദ്ധതികള്‍ക്കുള്ള ഡിസ്റ്റിങ്വിഷ്ഡ് ഇന്നൊവേഷന് ബൈ പബ്ലിക് സെക്ടര്‍ ജിഡിഐ അവാര്‍ഡ് ആണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം സ്വന്തമാക്കിയത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ സ്മാര്‍ട്ട് ഇമിഗ്രേഷന്‍ പാതയായാണ് 'റെഡ് കാര്‍പറ്റ്'. യാത്രക്കാര്‍ക്ക് പാസ്പോര്‍ട്ടോ മറ്റ് യാത്രാരേഖകളോ കാണിക്കാതെ തന്നെ ഏതാനും സെക്കന്‍ഡുകള്‍ക്കകം ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇതിലൂടെ സാധിക്കുന്നു. ഒരു വര്‍ഷം മുന്‍പ് ദുബായ് വിമാനത്താവളങ്ങളില്‍ ആരംഭിച്ച പദ്ധതി, യാത്രക്കാരുടെ സമയം ലാഭിക്കുകയും നീണ്ട കാത്തിരിപ്പുകള്‍ ഒഴിവാക്കുകയും ചെയ്തതോടെ വലിയ ജനശ്രദ്ധ നേടി.
ബയോമെട്രിക് സാങ്കേതികവിദ്യയും എഐ സംവിധാനങ്ങളും സംയോജിപ്പിച്ച ഈ സേവനം യാത്രാനുഭവത്തെ കൂടുതല്‍ ലളിതവും സുരക്ഷിതവുമായി മാറ്റുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ആഗോള പുരസ്കാരവും റെഡ് കാര്‍പ്പറ്റ് സ്മാര്‍ട്ട് കോറിഡോര്‍ പദ്ധതി സ്വന്തമാക്കിയിരിക്കുന്നത്. ഡിസ്റ്റിങ്വിഷ്ഡ് ഇന്നൊവേഷന് ബൈ പബ്ലിക് സെക്ടര്‍ ജിഡിഐ അവാര്‍ഡ് വലിയ അംഗീകരാരമായാണ് ജിഡിആര്‍എഫ് എ വിലയിരുത്തുന്നത്.
നവീകരണ സംസ്കാരം സര്‍ക്കാര്‍ സേവനങ്ങളുടെ അടിസ്ഥാന ഘടകമാക്കിയ ദുബായ് നേതൃത്വത്തിന്റെ ദീര്‍ഘവീക്ഷണത്തിന്റെ ഫലമാണ് ഈ നേട്ടമെന്ന് ജിഡിആര്‍എഫ്എ ദുബായ് മേധാവി ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അല്‍ മര്‍റി പറഞ്ഞു. ജനങ്ങളെ മുന്‍നിര്‍ത്തിയുള്ള സേവനങ്ങളിലൂടെ ജീവിത നിലവാരം ഉയര്‍ത്തുകയും ആഗോള വിശ്വാസം ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് ലക്ഷ്യംമെന്നും അദ്ദേഹം വ്യക്തമാക്കി. ദുബായിലെത്തുന്ന ഓരോ യാത്രക്കാരനെയും പ്രത്യേക അതിഥിയെപ്പോലെ സ്വീകരിക്കണമെന്ന ആശയത്തിലാണ് റെഡ് കാര്‍പറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
Content Highlights: Dubai International Airport’s “Red Carpet Smart Corridor” project has received a global award, recognizing its innovation in smart travel and passenger processing technology.