ബാങ്ക് രേഖകള്‍ വാട്സ്ആപ്പ് വഴി സ്വീകരിക്കരുതെന്ന നിര്‍ദ്ദേശം രാജ്യത്തെ എല്ലാ ധനകാര്യ സ്ഥാപനങ്ങളും കൃത്യമായി പാലിക്കണമെന്ന് യുഎഇ സെന്‍ട്രല്‍ ബാങ്ക്. ഈ മാസം 30-ന് അകം ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ഇക്കാര്യം നടപ്പിലാക്കിയെന്ന് ഉറപ്പാക്കണമെന്നാണ് നിര്‍ദ്ദേശം. സാമ്പത്തിക തട്ടിപ്പുകളും സുരക്ഷാ വീഴ്ചകളും തടയുന്നതിന്റെ ഭാഗമായാണ് നടപടി.
യുഎഇയിലെ ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുന്നതിനും വിവരങ്ങള്‍ ശേഖരിക്കുന്നതിനും വാട്സ്ആപ്പ് ഉള്‍പ്പെടെയുള്ള ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പുകള്‍ ഉപയോഗിക്കുന്നതെന്ന നിര്‍ദ്ദേശം ഇതിനകം തന്നെ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കിയിട്ടുണ്ട്. ഇത് നടപ്പിലാക്കുന്നതിന് ഈ മാസം 30 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. നിശ്ചിത സമയ പരിധിക്കുള്ളില്‍ എല്ലാ ധനകാര്യ സ്ഥാപനങ്ങളും പുതിയ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയെന്ന് ഉറപ്പുവരുത്തണമെന്ന് പുതിയ സര്‍ക്കുലറിലൂടെ സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി.
ബാങ്കിങ് ഇടപാടുകള്‍ക്കോ, രേഖകള്‍ പങ്കുവെക്കുന്നതിനോ, ഒടിപി കൈമാറുന്നതിനോ വാട്സ്ആപ്പ് ഉള്‍പ്പെടെയുള്ള ഒരു മെസേജിങ് ആപ്പും ഉപയോഗിക്കാന്‍ പടില്ലെന്ന് സര്‍ക്കുലറില്‍ പറയുന്നു. എല്ലാ ആശയവിനിമയങ്ങളും ഔദ്യോഗിക ബാങ്കിങ് ആപ്പുകളിലൂടെയോ വെബ്സൈറ്റിലൂടെയോ മാത്രം നടത്തണമെന്നാണ് നിര്‍ദ്ദേശം. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ കര്‍ശനമായ നിയമ നടപടികള്‍ക്ക് പുറമെ വലിയ പിഴയും നല്‍കേണ്ടി വരും. യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം ബാധകമാണ്.
മെസേജിങ് ആപ്പുകള്‍ വഴിയുള്ള സേവനങ്ങള്‍ വര്‍ധിച്ചതോടെ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍, ആള്‍മാറാട്ടം, അക്കൗണ്ട് ചോര്‍ത്തല്‍ തുടങ്ങിയ സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. വാട്സാപ്പ് ഉള്‍പ്പെടെയുള്ള മെസേജിംഗ് ആപ്പുകള്‍ വഴിയുള്ള ആശയ വിനിമയത്തിലൂടെ ഉപഭോക്താക്കളുടെ സെന്‍സിറ്റീവ് ആയ വിവരങ്ങള്‍ ചോരാനുള്ള സാധ്യത കൂടുതലാണെും സെന്‍ട്രല്‍ ബാങ്ക് വിലയിരുത്തുന്നു.
Content Highlights: UAE has instructed financial institutions not to accept bank documents through WhatsApp. The move aims to strengthen verification processes and improve banking security standards.