ഡിജിറ്റൽ രേഖകളുടെ അറ്റസ്റ്റേഷൻ എളുപ്പമാകും; പുതിയ സേവനം നൽകാൻ യുഎഇ

എട്ട് ഘട്ടങ്ങളുണ്ടായിരുന്ന നടപടിക്രമങ്ങള്‍ മൂന്നായി ചുരുക്കിക്കൊണ്ടാണ് പുതിയ സേവനം ലഭ്യമാക്കുന്നത്

യുഎഇയില്‍ ഡിജിറ്റല്‍ രേഖകളുടെ അറ്റസ്റ്റേഷന്‍ കൂടുതല്‍ എളുപ്പമാകുന്ന പുതിയ സേവനം നാളെ മുതല്‍ പൊതുജനങ്ങള്‍ക്ക് ലഭിച്ചുതുടങ്ങും. എട്ട് ഘട്ടങ്ങളുണ്ടായിരുന്ന നടപടിക്രമങ്ങള്‍ മൂന്നായി ചുരുക്കിക്കൊണ്ടാണ് പുതിയ സേവനം ലഭ്യമാക്കുന്നത്. ഇതിന് പുറമെ രണ്ട് പ്രക്രിയകള്‍ ഒന്നാക്കി മാറ്റിയതായും യുഎഇ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

കൂടുതല്‍ കാര്യക്ഷമമായും വേഗത്തിലും ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായാണ് ഡിജിറ്റല്‍ രേഖകളുടെ അറ്റസ്റ്റേഷന് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പരിഷ്‌ക്കരിച്ച സേവനത്തിന്റെ പ്രാരംഭ ഘട്ടത്തിനാണ് നാളെ തുടക്കമാവുക. ക്യുആര്‍ കോഡുകള്‍, റഫറന്‍സ് നമ്പറുകള്‍, ബാര്‍കോഡുകള്‍ തുടങ്ങിയ വെരിഫിക്കേഷന്‍ സംവിധാനങ്ങളുള്ള രേഖകള്‍ക്ക് ഡിജിറ്റല്‍ അറ്റസ്റ്റേഷന്‍ സേവനം പ്രയോജനപ്പെടുത്താനാകും.

യുഎഇ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോയോ ആണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഡിജിറ്റല്‍ ഐഡി ഉപയോഗിച്ച് മന്ത്രാലയത്തിന്റെ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുകയാണ് ആദ്യ നടപടി. പിന്നാലെ അറ്റസ്റ്റേഷന്‍ ഇന്‍ ദി യുഎഇ എന്ന എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്ത് നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മുന്നോട്ട് പോകണം. ഒരു അപേക്ഷയില്‍ പരമാവധി അഞ്ച് രേഖകള്‍ വരെ അറ്റസ്റ്റ് ചെയ്യാന്‍ അവസരമുണ്ട്. എല്ലാ രേഖകള്‍ക്കുമുള്ള ഫീസ് ഒരുമിച്ച് അടക്കാനുള്ള സംവിധാനവും ലഭ്യമാണ്.

അപേക്ഷ സ്വീകരിച്ചുകഴിഞ്ഞാല്‍ അപേക്ഷകന്റെ ഇ മെയില്‍ വിലാസത്തിലേക്ക് ഇത് സംബന്ധിച്ച സ്ഥിരീകരണ സന്ദേശം ലഭിക്കും. പണമയച്ചതിന്റെ രേഖയും ഇതിനൊപ്പം ലഭ്യമാക്കും. ട്രാക്കിംഗ് നമ്പര്‍ ഉപയോഗിച്ച് പിന്നീട് അപേക്ഷയുടെ പുരോഗതി വിലയിരുത്താനാകും. യുഎഇയില്‍ നിന്നും ഇഷ്യു ചെയ്ത രേഖകളായിരിക്കണം ഡിജിറ്റല്‍ അറ്റസ്റ്റേഷന്‍ സേവനത്തിനായി സമര്‍പ്പിക്കേണ്ടത്. അവയില്‍ വെരിഫിക്കേഷന് ആവശ്യമായ ക്യുആര്‍ കോഡ്, ബാര്‍കോഡ്, റഫറന്‍സ് നമ്പര്‍ എന്നിവ ഉണ്ടായിരിക്കുകയും വേണം. പരമാവധി രണ്ട് പ്രവര്‍ത്തി ദിവസങ്ങള്‍ക്കുള്ളില്‍ അറ്റസ്റ്റേഷന്‍ നടപടികള്‍ പൂര്‍ത്തിയാകുമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Content Highlights: UAE is set to simplify the attestation process of digital documents by introducing a new service. The initiative aims to make document verification faster, easier, and fully digital.

To advertise here,contact us