കോഴിക്കോട് ഉള്‍പ്പെടെ വിവിധ സെക്ടറുളിലേക്ക് സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഒമാന്‍ എയര്‍. ചെവ്വാഴ്ച മുതല്‍ കോഴിക്കോട്ടേക്കുള്ള സര്‍വീസുകള്‍ ആഴ്ചയില്‍ ആറില്‍ നിന്ന് പത്തായി ഉയര്‍ത്തും. മുംബൈ, ധാക്ക എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളുടെ എണ്ണത്തിലും വര്‍ധനവുണ്ടാകും.
പ്രവാസികള്‍ക്ക് ആശ്വാസം പകരുന്ന പ്രഖ്യാപനമാണ് ഒമാന്‍ എയര്‍ നടത്തിയിരിക്കുന്നത്. പുതിയ അറിയിപ്പ് പ്രകാരം മസ്കറ്റ് - കോഴിക്കോട് റൂട്ടില്‍ ഒമാന്‍ എയര്‍ വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ രണ്ട് സര്‍വീസുകള്‍ വീതം നടത്തും. ഞായര്‍, തിങ്കള്‍, ചൊവ്വ, ബുധന്‍ എന്നീ ദിവസങ്ങളില്‍ ഓരോ സര്‍വീസും ഉണ്ടാകും. നിലവില്‍ മസ്കറ്റിനും കോഴിക്കോടിനുമിടയില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് താത്ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നതിനാല്‍ ഒമാന്‍ എയറിന്റെ അധിക സര്‍വീസുകള്‍ പ്രവാസികള്‍ക്ക് ഏറെ ഗുണകരമാകും. ഈ വര്‍ഷം നെറ്റ്വര്‍ക്ക് കൂടുതല്‍ വ്യാപിപ്പിക്കാന്‍ ലക്ഷ്യമിടുന്നതായി ഒമാന്‍ എയര്‍ അറിയിച്ചു.
വേനല്‍ക്കാല ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി സിംഗപ്പൂര്‍, താഷ്കെന്റ്, സോച്ചി എന്നിവിടങ്ങളിലേക്കും സര്‍വീസുകള്‍ ഉണ്ടാകും. സലാലയില്‍ നിന്ന് ദുബായിലേക്കും സര്‍വീസ് ഉണ്ടാകുമെന്ന് ഒമാന്‍ എയര്‍ അറിയിച്ചു. ഈ വര്‍ഷം രണ്ടാം പാദം മുതല്‍ വിമാനത്തിനുള്ളിലെ ഇന്റര്‍നെറ്റ് സൗകര്യം, പുതിയ കാബിന് ക്രമീകരണങ്ങള്‍, ലോയല്‍റ്റി പ്രോഗ്രാമിലെ മാറ്റങ്ങള്‍ തുടങ്ങിയവയും ഒമാന്‍ എയര്‍ നടപ്പിലാക്കും. മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഘട്ടം ഘട്ടമായി സാധാരണ നിലയിലാക്കുന്നതിന്റെ ഭാഗമായി വിവിധ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്നും എയര്‍ലൈന്‍ അറിയിച്ചു.
Content Highlights: Oman Air has announced an increase in flight services to Kozhikode and other destinations, bringing relief to expatriates. The move is expected to improve travel convenience and seat availability for passengers.