യുഎഇയിലെ ചാരിറ്റി സംഘടനകളെയും സാമൂഹിക സംരംഭങ്ങളെയും പിന്തുണയ്ക്കുന്നതിനായി 100 മില്ല്യണ്‍ ദിര്‍ഹത്തിന്റെ ശാക്തീകരണ ഫണ്ട് പ്രഖ്യാപിച്ച് ഭരണകൂടം. സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതിനായി ദീര്‍ഘകാലാടിസ്ഥാനത്തില്‍ സംഘടനകളെ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ചാരിറ്റി പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ഫലപ്രദവും സുസ്ഥിരവുമാക്കുന്ന പുതിയൊരു സംസ്കാരം രാജ്യത്ത് നടപ്പിലാക്കാന്‍ ഈ നീക്കം സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി, കുടുംബം, സമൂഹം എന്നീ മേഖലകള്‍ക്ക് പദ്ധതിയില്‍ മുന്‍ഗണന ലഭിക്കും. ജനങ്ങളുടെ ദൈനംദിന ജീവിതത്തെ നേരിട്ട് ബാധിക്കുന്ന ഇത്തരം വിഷയങ്ങളില്‍ ഗുണപരമായ മാറ്റം കൊണ്ടുവരാന്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് ഇനി കൂടുതല്‍ കരുത്തുണ്ടാകുമെന്ന് അധികൃതര്‍ പറഞ്ഞു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ വിശാലമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്.
Content Highlights: United Arab Emirates has launched a 100 million dirham initiative aimed at supporting charity organizations and social enterprises.