അന്താരാഷ്ട്ര ക്രിമിനല്‍ സംഘത്തെ പിടികൂടുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച് ദുബായ് പൊലീസ്; 14 പേർ അറസ്റ്റിൽ

യുഎഇ ആഭ്യന്തര മന്ത്രാലയവുമായി ഏകോപിപ്പിച്ചു നടത്തിയ നീക്കത്തിലൂടെയായിരുന്നു നടപടി

അന്താരാഷ്ട്ര ക്രിമിനല്‍ സംഘത്തെ പിടികൂടുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച് ദുബായ് പൊലീസ്. ഓപ്പറേഷന്‍ അല്‍ മോറം എന്ന ദൗത്യത്തിലൂടെ രാജ്യാന്തര സംഘത്തിലെ പിടികിട്ടാപ്പുള്ളിയെ ദുബായ് വിമാനത്താവളത്തില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. വിവിധ രാജ്യങ്ങളില്‍ നിന്നായി 14 പേരെയാണ് പ്രത്യേക ദൗത്യത്തിലൂടെ അറസ്റ്റ് ചെയ്തത്.

രാജ്യാന്തര തലത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കോട്ട്ലന്‍ഡിലെ ഏറ്റവും അപകടകാരികളായ ക്രിമിനല്‍ സംഘങ്ങളിലൊന്നിനെ തകര്‍ക്കുന്നതിനാണ് ദുബായ് പൊലീസ് നിര്‍ണായക ഇടപെടല്‍ നടത്തിയത്. സ്പെയിനിലെ ഗ്വാര്‍ഡിയ സിവില്‍ നയിച്ച ഓപറേഷന്‍ അര്‍മോറം' എന്ന ദൗത്യത്തിലൂടെയാണ് ലയണ്‍സ് ക്ലാന്‍ എന്ന കുപ്രസിദ്ധ സംഘത്തില്‍പ്പെട്ടയാളെ പൊലീസ് പിടികൂടിയത്. ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്ന പ്രതി ദുബായ് വിമാനത്താവളത്തില്‍ എത്തിയ ഉടന്‍ ദുബായ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. യുഎഇ ആഭ്യന്തര മന്ത്രാലയവുമായി ഏകോപിപ്പിച്ചു നടത്തിയ നീക്കത്തിലൂടെയായിരുന്നു നടപടി. ലോകമെങ്ങും വേരുകളുള്ള അധോലോക ശൃംഖലയാണ് ലയണ്‍സ് ക്ലാന്‍.

തൊണ്ണൂറുകളില്‍ ഗ്ലാസ്ഗോയില്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ ക്രമിനില്‍ സംഘം പിന്നീട് യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ഏഷ്യ എന്നിവിടങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചു. മയക്കുമരുന്ന് കടത്ത്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ മേഖലയിലായിരുന്നു ഇവരുടെ പ്രവര്‍ത്തനം. കടലാസ് കമ്പനികള്‍ വഴിയും സങ്കീര്‍ണമായ സാമ്പത്തിക ഇടപാടുകള്‍ വഴിയുമാണ് ക്രമിനല്‍ സംഘം അധികൃതമായി പണം കൈകാര്യം ചെയ്തിരുന്നത്. അന്താരാഷ്ട്ര ഏജന്‍സികളുടെ ദൗത്യത്തിലൂടെ മറ്റ് 13 പേരും വിവിധ രാജ്യങ്ങളിലായി അറസ്റ്റിലായിട്ടുണ്ട്. സംഘത്തിലെ 20 പേര്‍ ഇപ്പോള്‍ വിവിധ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്.

യൂറോപോള്‍, യുകെ നാഷണല്‍ ക്രൈം ഏജന്‍സി, യുഎസ് ഡ്രഗ് എന്‍ഫോഴ്സ്മെന്റ് അഡ്മിനിസ്‌ട്രേഷന്‍ തുടങ്ങിയ ആഗോള ഏജന്‍സികളുടെ സംയുക്ത നീക്കമാണ് ഈ ക്രിമിനല്‍ സംഘത്തെ തകര്‍ക്കാന്‍ സഹായിച്ചത്. രാജ്യാന്തര കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനും സുരക്ഷാ സഹകരണം ശക്തിപ്പെടുത്തുന്നതിനുമുള്ള യുഎഇയുടെ പ്രതിബദ്ധതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് ദുബായ് പൊലീസ് അഭിപ്രായപ്പെട്ടു.

Content Highlights: Dubai Police have played a crucial role in dismantling an international criminal gang, leading to the arrest of 14 suspects. The operation highlights strong global security cooperation.

To advertise here,contact us