ദുബായിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ; പദ്ധതിയുമായി അധികൃതർ

പരിസ്ഥിതി സൗഹൃദ ഗതാതത സംവിധാനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതിക്ക് ദുബായ് മുന്‍സിപ്പാലിറ്റി തുടക്കം കുറിക്കുന്നത്

ദുബായില്‍ പൊതു പാര്‍ക്കുകളും ബീച്ചുകളും ഉള്‍പ്പെടെയുള്ള പ്രധാന വിനോദ കേന്ദ്രങ്ങളിലെ പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ ഇലക്ട്രിക് വാഹന സൂപ്പര്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വരുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 200 സ്റ്റേഷനുകള്‍ സ്ഥാപിക്കാനാണ് പദ്ധതി. 150 മില്യണ്‍ ദിര്‍ഹം ചെലവഴിച്ചാണ് ദുബായ് മുന്‍സിപ്പാലിറ്റി പദ്ധതി നടപ്പിലാക്കുന്നത്.

പരിസ്ഥിതി സൗഹൃദ ഗതാതത സംവിധാനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതിക്ക് ദുബായ് മുന്‍സിപ്പാലിറ്റി തുടക്കം കുറിക്കുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ ദുബായിലെ പൊതു പാര്‍ക്കുകളും ബീച്ചുകളും ഉള്‍പ്പെടെയുള്ള വിനോദ കേന്ദ്രങ്ങളിലെ പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ 200 ഇവി സൂപ്പര്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനാണ് പദ്ധതി.

ആദ്യഘട്ടമായി അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 150 പാര്‍ക്കിങ് മേഖലകളില്‍ 75 സൂപ്പര്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ സജ്ജമാക്കും. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍, താമസമേഖലകളിലെ പാര്‍ക്കുകള്‍, പൊതു ബീച്ചുകള്‍ എന്നിവിടങ്ങളിലാകും മുന്‍ഗണനാക്രമത്തില്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കുക. സന്ദര്‍ശകര്‍ക്ക് പാര്‍ക്കുകളിലെയും ബീച്ചുകളിലെയും വിനോദങ്ങളിൽ ഏര്‍പ്പെട്ടുകൊണ്ടു തന്നെ വാഹനങ്ങള്‍ അതിവേഗം ചാര്‍ജ് ചെയ്യാമെന്നതാണ് പദ്ധതിയുടെ പ്രത്യേകത. സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെയാണ് ഇത് നടപ്പിലാക്കുന്നത്.

ദുബായില്‍ ഇലക്ടിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കൂടിയാണ് നടപടി. 2050-ഓടെ പകുതി വാഹനങ്ങളെങ്കിലും ഇലക്ട്രിക് ആക്കുക എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കാനുള്ള പ്രവര്‍ത്തനങ്ങളും യുഎഇയില്‍ പുരോഗമിക്കുകയാണ്. ദൈനംദിന ജീവിതത്തിന്റെ ഭാഗമായ സ്ഥലങ്ങളില്‍ ചാര്‍ജിങ് സൗകര്യം ലഭ്യമാകുന്നതോടെ കൂടുകല്‍ ആളുകള്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാന്‍ തയ്യാറാകുമെന്നും മുന്‍സിപ്പാലിറ്റി വിലയിരുത്തുന്നു.

Content Highlights: Dubai plans to install charging stations at major tourist destinations as part of a new initiative to support electric vehicles and promote sustainable tourism.

To advertise here,contact us