യുഎഇയിലെ ബാങ്കിംഗ് മേഖലയില് വര്ധിച്ചുവരുന്ന സൈബര് തട്ടിപ്പുകള് തടയുന്നതിനായി ഓണ്ലൈന് പണമിടുകള്ക്കായി ഉപയോഗിച്ചിരുന്ന ഒടിപി സംവിധാനം നിര്ത്തലാക്കി കൂടുതല് ബാങ്കുകള്. ബാങ്ക് ആപ്പുകള് വഴി ഇടപാടുകള്ക്ക് നേരിട്ട് അംഗീകാരം നല്കുന്ന രീതി പല പ്രമുഖ ബാങ്കുകളും നടപ്പിലാക്കിത്തുടങ്ങി. ഒടിപിയെക്കാള് കൂടുതല് സുരക്ഷ നല്കാന് പുതിയ സംവിധാനത്തിന് കഴിയുമെന്നാണ് വിലയിരുത്തല്.
ഓണ്ലൈന് ഷോപ്പിംഗോ മറ്റ് ഇടപാടുകളോ നടത്തുമ്പോള് ഫോണിലേക്ക് എസ്എംഎസ് ആയി ഒടിപി വരുന്നതായിരുന്നു നേരത്തെ ഉണ്ടായിരുന്ന സംവിധാനം. എന്നാല് ഇത്തരത്തില് എസ്എംഎസ് സന്ദേശം അയക്കുന്നതിന് പകരം ബാങ്കിന്റെ മൊബൈല് ആപ്ലിക്കേഷന് വഴി ഇടപാട് സ്ഥിരീകരിക്കുന്നതാണ് പുതിയ രീതി. ഓണ്ലൈന് ഇടപാട് നടത്തുമ്പോള് ബാങ്കിന്റെ ഒഫീഷ്യല് മൊബൈല് ആപ്പില് നോട്ടിഫിക്കേഷന് ലഭിക്കും.
ആപ്പ് തുറന്ന് തുക പരിശോധിച്ച ശേഷം അപ്രൂവ് ബട്ടണ് അമര്ത്തിയാല് മാത്രമേ ഇടപാട് പൂര്ത്തിയാവുകയുള്ളു. വ്യാജ എസ്എംഎസുകള് അയച്ചും ഫോണിലൂടെ ഒടിപി ചോദിച്ചും നടത്തുന്ന സൈബര് തട്ടിപ്പുകള് പൂര്ണമായും തടയാന് പുതിയ സംവിധാനത്തിലൂടെ കഴിയുമെന്നാണ് വിലയിരുത്തല്. ഒടിപി സന്ദേശങ്ങളില് പലപ്പോഴും തുക വ്യക്തമാകാറില്ല. എന്നാല് ആപ്പിനുള്ളില് എത്ര രൂപയാണ് കുറയുന്നതെന്ന് കൃത്യമായി മനസിലാക്കാനാകും.
ഫിംഗര്പ്രിന്റോ ഫേസ് ഐഡിയോ ഉപയോഗിച്ച് മാത്രമെ ആപ്പ് തുറക്കാന് കഴിയുകയുള്ളു എന്നതിനാല് മറ്റൊരാള്ക്ക് പണം തട്ടിയെടുക്കാനും കഴിയില്ല. യുഎഇയില് ഒടിപി തട്ടിപ്പിന് നിരവധി ആളുകളാണ് ഇതിനകം ഇരകളായിട്ടുള്ളത്. ഒടിപി നമ്പര് നല്കുമ്പോള് കാണിക്കുന്ന തുകയല്ല പലപ്പോഴും അക്കൗണ്ടില് നിന്ന് നഷ്ടപ്പെടുന്നതെന്ന് തട്ടിപ്പിന് ഇരയായവര് പറയുന്നു. അതുകൊണ്ട് തന്നെ പുതിയ സംവിധാനത്തെ പൂര്ണമായി സ്വാഗതം ചെയ്യുകയാണ് പ്രവാസികള് ഉള്പ്പെടെയുള്ളവര്.
Content Highlights: Several banks have decided to remove the OTP-based system for certain services and move transactions entirely to mobile applications. The change is aimed at improving efficiency, security, and ease of access for customers. Banks have advised users to rely on official mobile apps for carrying out transactions and service-related activities