സൗദി അറേബ്യയ്ക്ക് അഭിമാന നിമിഷം; മക്ക ക്ലോക്ക് ടവർ സമുച്ചയത്തിന് രണ്ട് ലോക റെക്കോർഡുകൾ

മക്കയിലെ പ്രധാന കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിനും താമസക്കാർക്കും സന്ദർശകർക്കും മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി റോയൽ കമ്മീഷൻ നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമാണ് ഈ നേട്ടമെന്ന് അധികൃതർ വ്യക്തമാക്കി.

അന്താരാഷ്ട്ര ഗിന്നസ് ലോക റെക്കോർഡുകളിൽ രണ്ട് നേട്ടങ്ങൾ സ്വന്തമാക്കി സൗദി അറേബ്യ. പ്രശസ്ത നിർമ്മിതി മക്ക ക്ലോക്ക് ടവറിനാണ് റെക്കോർഡുകൾ സ്വന്തമായത്. മക്ക നഗരത്തിനും പുണ്യസ്ഥലങ്ങൾക്കുമായുള്ള റോയൽ കമ്മീഷൻ ചൊവ്വാഴ്ച ഈ അഭിമാനകരമായ നേട്ടം ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. ഇസ്‌ലാം മതവിശ്വാസികളുടെ ഏറ്റവും വിശുദ്ധമായ മസ്ജിദുൽ ഹറമിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ക്ലോക്ക് ടവർ സമുച്ചയത്തിനാണ് ഈ ബഹുമതി ലഭിച്ചത്.

തറനിരപ്പിൽ നിന്ന് 426.875 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന 'ക്ലോക്ക് ടവർ മ്യൂസിയം' ലോകത്തിലെ തന്നെ ഒരു കെട്ടിടത്തിനുള്ളിലെ ഏറ്റവും ഉയരത്തിലുള്ള മ്യൂസിയമായി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു. 560.875 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ടവറിലെ തുറന്ന കാഴ്ചാ കേന്ദ്രത്തിനാണ് (ഒബ്സർവേഷൻ ഡെക്ക്) രണ്ടാമത്തെ റെക്കോർഡ് ലഭിച്ചത്. മുകളിൽ നിന്ന് മക്ക നഗരം കാണാൻ സൗകര്യമൊരുക്കുന്ന ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തുറന്ന കേന്ദ്രമെന്ന ബഹുമതിയാണ് ഇത് സ്വന്തമാക്കിയത്.

ഗിന്നസ് വേൾഡ് റെക്കോർഡ്‌സ് രേഖകൾ പ്രകാരം 2026 ജനുവരി അഞ്ചിനാണ് ഈ രണ്ട് നേട്ടങ്ങളും ഔദ്യോഗികമായി കൈവരിച്ചത്. സൗദി അധികൃതർ നവംബർ 17-നാണ് ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്. മക്കയിലെ പ്രധാന കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിനും താമസക്കാർക്കും സന്ദർശകർക്കും മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി റോയൽ കമ്മീഷൻ നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമാണ് ഈ നേട്ടമെന്ന് അധികൃതർ വ്യക്തമാക്കി.

ലോകമെമ്പാടു നിന്നും മക്കയിലേക്ക് എത്തുന്ന ദശലക്ഷക്കണക്കിന് തീർത്ഥാടകർക്ക് കൂടുതൽ മികച്ച അനുഭവം നൽകാൻ ഇതിലൂടെ സാധിക്കും. മക്കയുടെ ചരിത്രപരവും ശാസ്ത്രീയവുമായ പാരമ്പര്യം ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനും ആഗോളതലത്തിൽ ഒരു പ്രമുഖ മത-സാംസ്കാരിക കേന്ദ്രമെന്ന നിലയിലുള്ള മക്കയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്താനും ഈ നേട്ടങ്ങൾ സഹായിക്കുമെന്നും റോയൽ കമ്മീഷൻ അറിയിച്ചു.

Content Highlights: Saudi Arabia's iconic Mecca Clock Tower complex has secured two Guinness World Records, marking a proud moment for the Kingdom. The Clock Tower Museum, located 426.875 metres above ground, has been recognised as the world's highest museum inside a building.

To advertise here,contact us