സൗദിവൽക്കരണത്തിൽ പുതിയ മാറ്റം; കുറഞ്ഞ ശമ്പള പരിധി 6,000 റിയാലായി ഉയർത്തും

പുതിയ തീരുമാനം സ്വകാര്യ മേഖലയിലെ തൊഴിലുടമകൾ സൗദി ജീവനക്കാരുടെ ശമ്പളം നേരിട്ട് വർധിപ്പിക്കണമെന്ന് നിർദേശിക്കുന്നതല്ലെന്ന് മന്ത്രാലയം വ്യക്തമാക്കി

സൗദിവൽക്കരണ പദ്ധതിയായ നിതാഖാത്തിൽ സൗദി ജീവനക്കാരെ പൂർണമായി കണക്കാക്കുന്നതിനുള്ള കുറഞ്ഞ പ്രതിമാസ ശമ്പള പരിധി ഉയർത്താൻ സൗദി അറേബ്യ. ഇതിന്റെ ഭാഗമായി 2027 ഏപ്രിലിൽ കുറഞ്ഞ ശമ്പള 5,000 റിയാലായും 2028 ഏപ്രിലിൽ 6,000 റിയാലായും വർധിപ്പിക്കും. സ്വകാര്യ മേഖലയിലെ സൗദി ജീവനക്കാരുടെ തൊഴിൽ നിബന്ധനകളിലാണ് പുതിയ മാറ്റം വരുന്നത്. മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. തീരുമാനം രണ്ട് ഘട്ടങ്ങളിലായി നടപ്പാക്കുമെന്നാണ് മന്ത്രാലയം അറിയിച്ചത്.

ആദ്യഘട്ടം 2027 ഏപ്രിൽ 25-ന് പ്രാബല്യത്തിൽ വരും. ഇതോടെ സൗദി ജീവനക്കാരെ സൗദിവൽക്കരണ കണക്കുകളിൽ പൂർണമായി ഉൾപ്പെടുത്തുന്നതിനുള്ള കുറഞ്ഞ പ്രതിമാസ ശമ്പള പരിധി 5,000 റിയാലാകും. രണ്ടാം ഘട്ടം 2028 ഏപ്രിൽ 25-ന് ആരംഭിക്കും. ഇതോടെ കുറഞ്ഞ വേതന പരിധി 6,000 റിയാലായി ഉയരുമെന്നും അധികൃതർ അറിയിച്ചു. പുതിയ തീരുമാനം സ്വകാര്യ മേഖലയിലെ തൊഴിലുടമകൾ സൗദി ജീവനക്കാരുടെ ശമ്പളം നേരിട്ട് വർധിപ്പിക്കണമെന്ന് നിർദേശിക്കുന്നതല്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.

പകരം കമ്പനികളുടെ സൗദിവൽക്കരണ ലക്ഷ്യങ്ങൾ കണക്കാക്കുമ്പോൾ ഒരു സൗദി ജീവനക്കാരനെ പൂർണമായി ഉൾപ്പെടുത്താൻ ആവശ്യമായ കുറഞ്ഞ ശമ്പള പരിധിയിലാണ് മാറ്റം വരുത്തുന്നത്. പുതിയ വ്യവസ്ഥകളുമായി പൊരുത്തപ്പെടാൻ സ്വകാര്യ സ്ഥാപനങ്ങൾക്ക് മതിയായ സമയം ലഭിക്കുന്ന തരത്തിലാണ് തീരുമാനം ഘട്ടംഘട്ടമായി നടപ്പാക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.

Content Highlights: Saudi Arabia will raise the minimum monthly salary required for Saudi employees to count fully under the Nitaqat Saudization programme to SR6,000 from April 2028.

To advertise here,contact us