2034-ലെ ഫിഫ ലോകകപ്പ് മത്സരങ്ങൾക്ക് വേദിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന നിയോം (NEOM) സ്റ്റേഡിയം പദ്ധതി താൽക്കാലികമായി നിർത്തിവെച്ച് സൗദി അറേബ്യ. 2.5 ബില്യൺ യുഎസ് ഡോളർ (ഏകദേശം 9.18 ബില്യൺ യുഎഇ ദിർഹം) ചെലവിൽ നിർമ്മിക്കാൻ പദ്ധതിയിട്ടിരുന്ന ഈ ബൃഹത് പദ്ധതിയാണ് അധികൃതർ ഇപ്പോൾ മാറ്റിവെച്ചിരിക്കുന്നത്.
ലോകകപ്പ് ടൂർണമെന്റിലെ ഏറ്റവും ആധുനികവും ആകർഷകവുമായ വേദികളിലൊന്നായിട്ടാണ് 46,000 കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഈ സ്റ്റേഡിയം രൂപകൽപ്പന ചെയ്തിരുന്നത്. നിയോമിന്റെ ഭാഗമായി നിർമ്മിക്കുന്ന 160 കിലോമീറ്റർ നീളമുള്ള 'ദി ലൈൻ' എന്ന അത്യാധുനിക നഗരത്തിനുള്ളിലാണ് സ്റ്റേഡിയത്തിന്റെ നിർമ്മാണം. നിലത്തുനിന്ന് 350 മീറ്ററിലധികം ഉയരത്തിലായിരുന്നു സ്റ്റേഡിയം വിഭാവനം ചെയ്തിരുന്നത്.
റോയിട്ടേഴ്സ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, 'ദി ലൈൻ' പദ്ധതിയിലുണ്ടായ കാലതാമസവും പദ്ധതി ചുരുക്കിയതുമാണ് സ്റ്റേഡിയം നിർമ്മാണം അനിശ്ചിതത്വത്തിലാകാൻ കാരണം. ദുബായ് ആസ്ഥാനമായുള്ള കൺസ്ട്രക്ഷൻ ഇന്റലിജൻസ് പ്ലാറ്റ്ഫോമായ ‘മീഡ് പ്രൊജക്റ്റ്സ്’ (MEED Projects) ഈ സ്റ്റേഡിയം നിലവിൽ നിർത്തിവെച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. പദ്ധതി എന്ന് പൂർത്തിയാകുമെന്നതിനെക്കുറിച്ചും വ്യക്തതയില്ല.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ വിഷൻ 2030 പദ്ധതിയുടെ പ്രധാന ആകർഷണമായാണ് നിയോം അവതരിപ്പിക്കപ്പെട്ടത്. എന്നാൽ 'ദി ലൈൻ' പദ്ധതിക്ക് 2030-ന് മുമ്പ് അടിയന്തിര പ്രാധാന്യമില്ലെന്ന് പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഗവർണർ യാസിർ അൽ റുമയ്യാൻ ഏപ്രിലിൽ വ്യക്തമാക്കിയിരുന്നു. അതേസമയം പദ്ധതികൾ പൂർണ്ണമായി റദ്ദാക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
2034 ലോകകപ്പ് സംഘാടകർ നിർമ്മാണ മേഖലയിൽ വലിയ നാഴികക്കല്ലുകൾ കൈവരിക്കുന്നുണ്ടെന്ന് അറിയിച്ചെങ്കിലും നിയോം സ്റ്റേഡിയത്തെക്കുറിച്ച് നേരിട്ട് പ്രതികരിച്ചില്ല. എന്നാൽ ലോകകപ്പിനായി കിംഗ് ഫഹദ് സ്റ്റേഡിയത്തിന്റെ പുനരുദ്ധാരണവും അൽ ഖോബാറിലെ അരാംകോ സ്റ്റേഡിയത്തിന്റെ നിർമ്മാണവും വേഗത്തിൽ പുരോഗമിക്കുന്നുണ്ട്. ഒരു രാജ്യം മാത്രം ആതിഥേയത്വം വഹിക്കുന്ന ആദ്യത്തെ 48 ടീമുകളുടെ ലോകകപ്പിനായി സൗദിയിലെ അഞ്ച് നഗരങ്ങളിലായി 15 സ്റ്റേഡിയങ്ങളാണ് ഒരുങ്ങുന്നത്. 22.7 ബില്യൺ ഡോളറാണ് ഇതിന്റെ മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത്.
Content Highlights: Saudi Arabia has reportedly shelved the planned $2.5 billion NEOM Stadium, a 46,000-seat venue for the 2034 FIFA World Cup, amid delays and the scaling back of The Line project.