സൗദിയിൽ തൊഴിൽ ഇൻ്റർവ്യൂ ഫലം 30 ദിവസത്തിനകം അറിയിക്കണം; ലംഘിച്ചാൽ ആപ്പ് വഴി പരാതിപ്പെടാം

അഭിമുഖത്തിന് ശേഷം ഫലം അറിയിക്കാതിരിക്കുന്നത് തൊഴിൽ വിപണി ചട്ടങ്ങളുടെ ലംഘനമായി കണക്കാക്കും

സൗദി അറേബ്യയിൽ ജോലി അഭിമുഖങ്ങളിലെ ഇൻ്റർവ്യൂ ഫലം 30 ദിവസത്തിനകം അറിയിക്കണമെന്ന് മന്ത്രാലയ നിർദ്ദേശം. നിയമങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ഉദ്യോഗാർത്ഥികൾക്ക് മന്ത്രാലയത്തിന്റെ ആപ്പ് വഴി പരാതിപ്പെടാം. തൊഴിൽ അഭിമുഖത്തിന് ശേഷം ഫലം അറിയിക്കാതിരിക്കുന്നത് രാജ്യത്തെ തൊഴിൽ നിയമങ്ങളുടെ ലംഘനമാണെന്ന് മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി.

സൗദിയിൽ തൊഴിൽ അഭിമുഖം പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്ക് 30 ദിവസത്തിനകം ഫലം ലഭ്യമാക്കണം. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം എക്‌സിലൂടെയാണ് ഈ നിർദ്ദേശം പുറപ്പെടുവിച്ചത്. അഭിമുഖത്തിന് ശേഷം ഫലം അറിയിക്കാതിരിക്കുന്നത് തൊഴിൽ വിപണി ചട്ടങ്ങളുടെ ലംഘനമായി കണക്കാക്കും.

തൊഴിലവസരങ്ങൾ പരസ്യപ്പെടുത്തുന്നതിലും അഭിമുഖങ്ങൾ നടത്തുന്നതിലും നിശ്ചിത വ്യവസ്ഥകൾ പാലിക്കണം. ഒഴിവുകളുടെ പരസ്യം മുതൽ ഫലം പ്രഖ്യാപിക്കുന്നത് വരെയുള്ള നടപടികൾ സുതാര്യമായിരിക്കണം. നിയമങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ മന്ത്രാലയത്തിന്റെ ആപ്പ് വഴി പരാതി നൽകാം. ആപ്പിലെ ലേബർ സിസ്റ്റം വയലേഷൻസ് (Labour System Violations) വിഭാഗത്തിൽ നിന്നാണ് പരാതി രജിസ്റ്റർ ചെയ്യേണ്ടത്. തുടർന്ന് ജനറൽ ഒബ്ലിക്കേഷൻസ് (General Obligations) തിരഞ്ഞെടുത്ത് സ്ഥാപനങ്ങൾക്കെതിരായ ലംഘനം ചൂണ്ടിക്കാണിക്കാം.

തൊഴിൽ ഒഴിവുകളുടെ പരസ്യത്തിലും അഭിമുഖത്തിലും ക്രമക്കേട് കാട്ടുന്നവർക്കെതിരെ നടപടിയുണ്ടാകും. ഓഗസ്റ്റ് മാസത്തിലും മന്ത്രാലയം ഇതുസംബന്ധിച്ച് സമാനമായ മുന്നറിയിപ്പുകൾ നൽകിയിരുന്നു.

Content Highlights: Saudi Arabia has introduced a requirement for employers to inform job applicants of interview results within 30 days. Job seekers can reportedly file complaints through an app if employers fail to comply with the requirement, offering an additional channel to address employment-related grievances.

To advertise here,contact us