സൗദി അറേബ്യ, ബഹ്‌റൈൻ യാത്ര ഇനി കൂടുതൽ എളുപ്പം; കിംഗ് ഫഹദ് കോസ്‌വേയിൽ ടാക്‌സി സര്‍വീസിന് അനുമതി

അതിര്‍ത്തി കടന്നുള്ള യാത്ര കൂടുതല്‍ സുഗമമാക്കാനും ഗതാഗതക്കുരുക്ക് കുറയ്ക്കാനും ഇത് സഹായിക്കും

സൗദി അറേബ്യയും ബഹ്‌റൈനും തമ്മില്‍ ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേ വഴി ഇനി ലൈസന്‍സുള്ള ടാക്‌സികള്‍ക്ക് നേരിട്ട് യാത്രക്കാരെ കൊണ്ടുപോകാം. സൗദി ട്രാന്‍സ്‌പോർട്ട് ജനറല്‍ അതോറിറ്റിയും ബഹ്‌റൈന്‍ അധികൃതരും ചേര്‍ന്നാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്. ഇതിലൂടെ യാത്രക്കാര്‍ക്ക് കൂടുതല്‍ സുരക്ഷിതവും കാര്യക്ഷമവും സൗകര്യപ്രദവുമായ യാത്രാ മാര്‍ഗം ഉറപ്പുവരുത്തുകയെന്നതാണ് ലക്ഷ്യമിടുന്നതെന്ന് ബഹ്‌റൈന്‍ ഗതാഗത-ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയം അറിയിച്ചു.

അതിര്‍ത്തി കടന്നുള്ള യാത്ര കൂടുതല്‍ സുഗമമാക്കാനും ഗതാഗതക്കുരുക്ക് കുറയ്ക്കാനും ഇത് സഹായിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും കൂടുതല്‍ സൗകര്യപ്രദമായ യാത്രാ സംവിധാനമൊരുക്കുന്നതിനും കര ഗതാഗത മേഖല വികസിപ്പിക്കുന്നതിനുമായാണ് പുതിയ യാത്രാമാര്‍ഗം കൊണ്ടുവന്നിട്ടുള്ളത് എന്ന് അധികൃതര്‍ വ്യക്തമാക്കി. പുതിയ നിയമപ്രകാരം ഔദ്യോഗിക ലൈസന്‍സുള്ള ടാക്‌സികള്‍ക്ക് മാത്രമേ കോസ്‌വേ വഴി സര്‍വീസ് നടത്താന്‍ അനുമതിയുള്ളൂ. വാഹനങ്ങള്‍ സാങ്കേതിക, സുരക്ഷാ, സേവന നിലവാര മാനദണ്ഡങ്ങള്‍ പാലിക്കണം. കൂടാതെ ടാക്‌സികളുടെ പഴക്കം അഞ്ച് വര്‍ഷത്തില്‍ കവിയരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു. യാത്രക്കാരുടെ സൗകര്യം വര്‍ധിപ്പിക്കുന്നതിനൊപ്പം ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ഗതാഗത ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനും പുതിയ സംവിധാനം സഹായിക്കുമെന്ന് ബഹ്റൈന്‍ ലാന്‍ഡ് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് പോസ്റ്റ് അണ്ടര്‍സെക്രട്ടറി ഫാത്തിമ അബ്ദുള്ള അല്‍ ദഹീന്‍ പറഞ്ഞു.

സുരക്ഷാ-സേവന നിലവാരങ്ങള്‍ ഉറപ്പാക്കാന്‍ ഇരുരാജ്യങ്ങളിലെയും ബന്ധപ്പെട്ട ഏജന്‍സികള്‍ ചേര്‍ന്ന് നടപടിക്രമങ്ങള്‍ ക്രമീകരിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. സൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് കിംഗ് ഫഹദ് കോസ്‌വേ. വിനോദസഞ്ചാരം, വ്യാപാരം, ബിസിനസ് യാത്രകള്‍ എന്നിവയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഈ പാതയിലൂടെ ടാക്‌സി സര്‍വീസ് ആരംഭിക്കുന്നത് മേഖലയിലെ സാമ്പത്തിക-ടൂറിസം സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്നും അവര്‍ പറഞ്ഞു. പുതിയ സംവിധാനം വിനോദസഞ്ചാരം, ഹോസ്പിറ്റാലിറ്റി, റീട്ടെയില്‍, പ്രദര്‍ശന-വ്യാപാര മേഖലകള്‍ എന്നിവയ്ക്ക് ഗുണകരമാകുമെന്നും സൗദി-ബഹ്‌റൈന്‍ സാമ്പത്തിക ഏകീകരണത്തിന് കൂടുതല്‍ കരുത്തേകുമെന്നും ബഹ്‌റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ നബീല്‍ ഖാലിദ് പറഞ്ഞു. സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാതെ സൗദിയിലിലേക്കും ബഹ്‌റൈനിലേക്കും നേരിട്ട് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പുതിയ ടാക്‌സി സേവനം മികച്ചൊരു മാര്‍ഗമായിരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

Content Highlight: Saudi Arabia and Bahrain have approved cross-border taxi operations across the King Fahd Causeway, allowing licensed taxis to transport passengers directly between the two countries.

To advertise here,contact us