സൗദി അറേബ്യയിൽ ഇഖാമ, അതിർത്തി സുരക്ഷ, തൊഴിൽ നിയമങ്ങൾ ലംഘിച്ചവർക്കെതിരെ സുരക്ഷാ സേനയും ബന്ധപ്പെട്ട സർക്കാർ വകുപ്പുകളും ചേർന്ന് നടത്തിയ സംയുക്ത പരിശോധനകളിൽ ഒരാഴ്ചയ്ക്കിടെ 14,165 പേർ പിടിയിലായി. ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ രണ്ട് വരെയുള്ള ദിവസങ്ങളിലാണ് രാജ്യത്തുടനീളം റെയ്ഡുകൾ നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിടിയിലായവരിൽ 7,121 പേർ താമസനിയമ (ഇഖാമ) ലംഘകരും 3,636 പേർ അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചവരും 3,408 പേർ തൊഴിൽ നിയമലംഘനങ്ങൾക്ക് പിടിയിലായവരുമാണ്.
നിയമനടപടികൾ പൂർത്തിയാക്കിയ 12,363 പേരെ ഇതിനോടകം രാജ്യത്തുനിന്ന് നാടുകടത്തിയിട്ടുണ്ട്. പിടിയിലായവരിൽ 18,937 പേർക്ക് യാത്രാരേഖകൾ ലഭ്യമാക്കുന്നതിനായി ബന്ധപ്പെട്ട നയതന്ത്ര കാര്യാലയങ്ങളിലേക്ക് അയച്ചു. 3,240 പേർ നിലവിൽ യാത്രാ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനുള്ള നടപടികളിലാണ്. അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച 1,315 പേരെയും പിടികൂടി. ഇതിൽ 58 ശതമാനം പേർ എത്യോപ്യക്കാരും 41 ശതമാനം പേർ യെമനികളുമാണ്. രാജ്യത്തുനിന്ന് നിയമവിരുദ്ധമായി പുറത്തുപോകാൻ ശ്രമിച്ച 42 പേരും പിടിയിലായിട്ടുണ്ട്.
അനധികൃതമായി രാജ്യത്ത് കഴിയുന്നവർക്ക് തണലൊരുക്കുന്നവർക്കെതിരെയും ഭരണകൂടം നടപടി കടുപ്പിച്ചു. നിയമലംഘകർക്ക് താമസസൗകര്യം ഒരുക്കുക, ജോലി നൽകുക, ഗതാഗത സൗകര്യം നൽകുക എന്നിവ ചെയ്ത 21 പേരെയും പോലീസ് അറസ്റ്റ് ചെയ്തു. നിലവിൽ 27,845 പുരുഷന്മാരും 1,928 സ്ത്രീകളും ഉൾപ്പെടെ ആകെ 29,773 പ്രവാസികളാണ് കാറ്റഗറി തിരിച്ചുള്ള നിയമനടപടികൾക്ക് വിധേയരായിക്കൊണ്ടിരിക്കുന്നത്.
നിയമലംഘകർക്ക് ഒത്താശ ചെയ്യുന്നവർക്ക് കടുത്ത മുന്നറിയിപ്പാണ് ആഭ്യന്തര മന്ത്രാലയം നൽകിയിരിക്കുന്നത്. അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ സഹായിക്കുകയോ താമസിക്കാനും യാത്ര ചെയ്യാനും സൗകര്യമൊരുക്കുകയോ ചെയ്യുന്നവർക്ക് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ലഭിച്ചേക്കാം. കൂടാതെ തട്ടിപ്പിനായി ഉപയോഗിച്ച വാഹനങ്ങളും കെട്ടിടങ്ങളും കണ്ടുകെട്ടുകയും ചെയ്യും. ഇത്തരത്തിലുള്ള ഏതൊരു നിയമലംഘനവും ശ്രദ്ധയിൽപ്പെട്ടാൽ വിവരമറിയിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
Content Highlights: Saudi Arabia has conducted extensive inspections targeting visa and labour law violations. More than 10,000 people have reportedly been deported as authorities step up enforcement measures across the country.