കടുപ്പിച്ച് സൗദി അറേബ്യ; തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവർക്ക് കർശന മുന്നറിയിപ്പ്

നിയമങ്ങള്‍ ലംഘിക്കുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ അധികൃതരെ അറിയിക്കാന്‍ പൊതുജനങ്ങളോട് ആഭ്യന്തര മന്ത്രാലയം അഭ്യര്‍ഥിച്ചു

സ്‌പോണ്‍സര്‍മാരില്ലാതെ സൗദിയില്‍ സ്വതന്ത്രമായി ജോലി ചെയ്യുന്ന പ്രവാസികളാണോ? എങ്കില്‍ കടുത്ത നിയമ നടപടികള്‍ നേരിടേണ്ടി വരും. തുടര്‍ച്ചയായുള്ള നിയമലംഘനങ്ങള്‍ക്ക് 50,000 ദിര്‍ഹം വരെ പിഴയും ആറ് മാസം തടവും നാടുകടത്തലും നേരിടേണ്ടി വരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പ്രവാസികള്‍ ഇഖാമ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങളും അതത് സമയങ്ങളില്‍ അധികൃതര്‍ പുറപ്പെടുവിക്കുന്ന നിബന്ധനങ്ങളും മറ്റ് നിര്‍ദേശങ്ങളും നിര്‍ബന്ധമായും പാലിക്കണമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

നിയമപരമായി അനുവദിച്ചിട്ടുള്ള തൊഴില്‍ ചട്ടക്കൂടിന് പുറത്തുള്ള പ്രവാസികള്‍ സ്വയം തൊഴില്‍ ചെയ്യുന്നത് ഒരു നിയമലംഘനമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിയമലംഘനങ്ങൾ പിടിക്കപ്പെട്ടാല്‍ 10,000 റിയാല്‍ പിഴയും നാടുകടത്തലും ശിക്ഷയായി ലഭിക്കും. കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിച്ചാല്‍ ശിക്ഷ വിധി കൂടുകയും ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി.

രണ്ടാം തവണ നിയമലംഘനം നടത്തിയാല്‍ 25,000 റിയാല്‍ പിഴയും ഒരുമാസത്തെ തടവും നാടുകടത്തലുമായിരിക്കും ശിക്ഷ. മൂന്നാം തവണയോ അതിന് ശേഷം തുടര്‍ന്നോ ഉണ്ടാകുന്ന നിയമലംഘനങ്ങളില്‍ 50,000 റിയാല്‍ വരെ പിഴയും ആറ് മാസം വരെ തടവും നാടുകടത്തലും ലഭിക്കും. ഇഖാമ, തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ അധികൃതരെ അറിയിക്കാന്‍ പൊതുജനങ്ങളോട് ആഭ്യന്തര മന്ത്രാലയം അഭ്യര്‍ഥിച്ചു. മക്ക, മദീന, റിയാദ്, കിഴക്കന്‍ പ്രവശ്യ എന്നിവിടങ്ങളിലുള്ളവര്‍ 911 എന്ന നമ്പറിലും മറ്റ് പ്രവിശ്യകളിലുള്ളവര്‍ 999 എന്ന നമ്പറിലും വിളിച്ച് വിവരങ്ങള്‍ നല്‍കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

Content Highlight: Saudi Arabia has reinforced labour regulations for expatriates, warning that working outside authorised employment arrangements may lead to penalties under existing laws.

To advertise here,contact us