റിയാദ് വിമാനത്താവളം ഇനി കൂടുതൽ ശാന്തം; ടെർമിനൽ 5-ൽ 'സൈലന്റ് എയർപോർട്ട്' പദ്ധതിക്ക് തുടക്കം

വിമാനത്താവളത്തിലെ പൊതുവായ ശബ്ദ അറിയിപ്പുകൾ വെട്ടിച്ചുരുക്കുകയും അവ പ്രധാനമായും ഡിപ്പാർച്ചർ ഗേറ്റുകളിൽ മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്യും

സൗദി അറേബ്യയിലെ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 5-ൽ 'സൈലന്റ് എയർപോർട്ട്' (നിശ്ശബ്ദ വിമാനത്താവളം) പദ്ധതിയുടെ ആദ്യ ഘട്ടത്തിന് തുടക്കമായി. യാത്രക്കാർക്ക് കൂടുതൽ ശാന്തവും സുഖകരവുമായ യാത്രാനുഭവം നൽകുക എന്ന ലക്ഷ്യത്തോടെയാണ് വിമാനത്താവളത്തിൽ ഉച്ചത്തിലുള്ള അനൗൺസ്‌മെന്റുകൾ കുറയ്ക്കാൻ അധികൃതർ തീരുമാനിച്ചിരിക്കുന്നത്.

ഈ പുതിയ സംരംഭത്തിന്റെ ഭാഗമായി, വിമാനത്താവളത്തിലെ പൊതുവായ ശബ്ദ അറിയിപ്പുകൾ വെട്ടിച്ചുരുക്കുകയും അവ പ്രധാനമായും ഡിപ്പാർച്ചർ ഗേറ്റുകളിൽ മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്യും. ഇതിനുപകരം, വിമാന വിവരങ്ങൾ അറിയാൻ യാത്രക്കാർ കൂടുതലായും ഡിജിറ്റൽ സ്ക്രീനുകളെയും മറ്റ് ഇലക്ട്രോണിക് സംവിധാനങ്ങളെയും ആശ്രയിക്കേണ്ടി വരും. യാത്രക്കാർക്ക് അവരുടെ വിമാനങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനൊപ്പം തന്നെ, ടെർമിനലിനുള്ളിലെ ശബ്ദബഹളങ്ങൾ കുറയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ മാറ്റം ഘട്ടംഘട്ടമായി നടപ്പിലാക്കുന്നത്.

യാത്രക്കാർക്ക് ഇനി മുതൽ വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ്, അവിടെ സ്ഥാപിച്ചിട്ടുള്ള ഡിജിറ്റൽ ബോർഡുകൾ, 920020090 എന്ന വാട്സാപ്പ് നമ്പർ എന്നിവ വഴി ഫ്ലൈറ്റ് വിവരങ്ങൾ എളുപ്പത്തിൽ ട്രാക്ക് ചെയ്യാം. ഇതിന് പുറമെ, യാത്രാ സംബന്ധമായ സംശയങ്ങൾ പരിഹരിക്കാൻ എയർപോർട്ടിന്റെ 'ആസ്ക് മി' (Ask Me) കസ്റ്റമർ സർവീസ് ടീമിന്റെ സേവനവും വിമാനത്താവളത്തിൽ എപ്പോഴും ലഭ്യമായിരിക്കും.

ഈ പദ്ധതി ക്രമാനുഗതമായാണ് വിമാനത്താവളത്തിൽ അവതരിപ്പിക്കുന്നതെന്നും ഇതിന്റെ കൂടുതൽ ഘട്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ടെർമിനൽ 5-ലെ ഈ ആദ്യഘട്ട പരീക്ഷണം, ഏറ്റവും അത്യാവശ്യമുള്ളപ്പോൾ മാത്രം ഡിപ്പാർച്ചർ ഗേറ്റുകളിൽ അനൗൺസ്‌മെന്റുകൾ നിലനിർത്തിക്കൊണ്ട് പൂർണ്ണമായും ഡിജിറ്റൽ ആശയവിനിമയ സംവിധാനങ്ങളിലേക്ക് മാറാൻ വിമാനത്താവളത്തെ സഹായിക്കും.

Content Highlights: Riyadh Airport has launched the ‘Silent Airport’ initiative at Terminal 5, aiming to reduce unnecessary announcements and create a quieter, more comfortable environment for passengers.

To advertise here,contact us