വിമാന ടിക്കറ്റ്, താമസം, വിസ എല്ലാം ഒരൊറ്റ പാക്കേജിൽ; വിനോദ സ‍ഞ്ചാരികളെ ആകർഷിക്കാൻ സൗദി

യാത്രക്കാർ വിമാന ടിക്കറ്റിനും ഹോട്ടൽ ബുക്കിങ്ങിനും വിസയ്ക്കുമായി വെവ്വേറെ അപേക്ഷകൾ നൽകേണ്ടതില്ല

വിദേശത്ത് നിന്നെത്തുന്ന വിനോദസഞ്ചാരികൾക്ക് സൗദി അറേബ്യയിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാക്കുന്നതിനായി പുത്തൻ ‘പാക്കേജ് വിസ’ പദ്ധതിയുമായി സൗദി ഭരണകൂടം. ടൂറിസ്റ്റ് വിസ, വിമാന ടിക്കറ്റ്, താമസം, മറ്റ് യാത്രാ സേവനങ്ങൾ എന്നിവയെല്ലാം ഒരൊറ്റ പാക്കേജായി വിനോദസഞ്ചാരികൾക്ക് ലഭ്യമാക്കുന്നതാണ് ഈ ഡിജിറ്റൽ പദ്ധതി. ടൂറിസം മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ഇൻഷുറൻസ് അതോറിറ്റി എന്നിവ സംയുക്തമായാണ് ഈ പുതിയ സൗകര്യം ഒരുക്കിയിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട ചില രാജ്യങ്ങളിലെ അംഗീകൃത ട്രാവൽ ഏജൻസികൾ വഴിയാണ് പദ്ധതിയുടെ പൈലറ്റ് സർവീസ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.

ഇതോടെ യാത്രക്കാർ വിമാന ടിക്കറ്റിനും ഹോട്ടൽ ബുക്കിങ്ങിനും വിസയ്ക്കുമായി വെവ്വേറെ അപേക്ഷകൾ നൽകേണ്ടതില്ല. യോഗ്യരായ സഞ്ചാരികൾക്ക് അംഗീകൃത ട്രാവൽ ഏജൻസികളുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി ഒരൊറ്റ പാക്കേജായി ഇവയെല്ലാം സ്വന്തമാക്കാം. ഇതിനുപുറമെ, സൗദിയിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാനും വിവിധ വിനോദ പരിപാടികളിൽ പങ്കെടുക്കാനുമുള്ള ടിക്കറ്റുകളും ഈ പാക്കേജിനൊപ്പം മുൻകൂട്ടി ബുക്ക് ചെയ്യാൻ സാധിക്കും. അത്യാധുനിക സാങ്കേതിക സൗകര്യങ്ങളും 24 മണിക്കൂറും പ്രവർത്തിക്കുന്ന കസ്റ്റമർ സപ്പോർട്ടുമുള്ള ട്രാവൽ ഏജൻസികൾക്ക് മാത്രമാണ് ഈ സേവനം നൽകാൻ അനുമതിയുള്ളത്.

സൗദി വിഷൻ 2030-ന്റെ ഭാഗമായി രാജ്യത്തെ വിനോദസഞ്ചാര മേഖല വിപുലീകരിക്കുന്നതിനും കൂടുതൽ വിദേശികളെ ആകർഷിക്കുന്നതിനുമുള്ള വലിയൊരു ചുവടുവെപ്പാണ് ഈ പുതിയ തീരുമാനം. നേരത്തെ നടപ്പിലാക്കിയ ടൂറിസ്റ്റ് ഇ-വിസ, വിസ ഓൺ അറൈവൽ, സ്റ്റോപ്പ് ഓവർ ട്രാൻസിറ്റ് വിസ തുടങ്ങിയ ഇളവുകൾ വലിയ വിജയമായിരുന്നു. ഇവയുടെ ഫലമായി 2025-ൽ മാത്രം 2.9 കോടിയിലധികം അന്താരാഷ്ട്ര വിനോദസഞ്ചാരികളാണ് സൗദി അറേബ്യ സന്ദർശിച്ചത്.

സൗദിയിലെത്തുന്ന സഞ്ചാരികൾക്ക് കൂടുതൽ സുഗമവും സ്മാർട്ടുമായ യാത്രാനുഭവം സമ്മാനിക്കുകയാണ് പാക്കേജ് വിസയിലൂടെ ലക്ഷ്യമിടുന്നതെന്ന് സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് വ്യക്തമാക്കി. ഈ പുതിയ സൗകര്യം വഴി വിദേശ സഞ്ചാരികൾ സൗദിയിൽ കൂടുതൽ ദിവസങ്ങൾ ചെലവഴിക്കുമെന്നും അത് രാജ്യത്തെ ടൂറിസം മേഖലയിലെ സാമ്പത്തിക വളർച്ചയ്ക്ക് വലിയ സംഭാവന നൽകുമെന്നുമാണ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ. സ്വകാര്യ പങ്കാളിത്തം ശക്തമാക്കാനും കൂടുതൽ എളുപ്പത്തിൽ രാജ്യത്തേക്ക് പ്രവേശനം ഉറപ്പാക്കാനുമുള്ള സൗദിയുടെ ശ്രമങ്ങൾക്ക് ഇത് കൂടുതൽ കരുത്തുപകരും.

Content Highlights: Saudi Arabia is offering integrated tourism packages that include flights, hotel stays, and visa services as part of efforts to attract more visitors and expand its tourism sector.

To advertise here,contact us