സൗദി അറേബ്യയിലെ സിനിമാ തിയേറ്ററുകളിൽ റെക്കോർഡ് ജനത്തിരക്കും കളക്ഷനും. മെയ് മാസത്തിലെ അവസാന വാരത്തിൽ മാത്രം സൗദി ബോക്സ് ഓഫീസ് സ്വന്തമാക്കിയത് 3.81 കോടി റിയാലിന്റെ (38.1 മില്യൺ റിയാൽ) വൻ വരുമാനമാണ്. ഈ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ രാജ്യത്തുടനീളം പ്രദർശിപ്പിച്ച 59 ചിത്രങ്ങളിൽ നിന്നായി 7,44,300 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്.
ബലിപെരുന്നാൾ അവധിക്കാലത്തോട് അനുബന്ധിച്ച് തിയേറ്ററുകളിലേക്ക് പ്രേക്ഷകരുടെ വൻ ഒഴുക്കുണ്ടായതാണ് വരുമാനത്തിലും ടിക്കറ്റ് വിൽപ്പനയിലും പെട്ടെന്നുണ്ടായ ഈ വൻ കുതിച്ചുചാട്ടത്തിന് കാരണമെന്ന് വിലയിരുത്തൽ. തൊട്ടുമുമ്പത്തെ ആഴ്ചകളിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ വലിയ മുന്നേറ്റമാണ് വലിയപെരുന്നാൾ ദിനങ്ങളിൽ ബോക്സ് ഓഫീസിൽ ദൃശ്യമായത്.
മെയ് രണ്ടാം വാരത്തിൽ 50 സിനിമകളുടെ പ്രദർശനത്തിലൂടെ 4,17,000-ൽ പരം ടിക്കറ്റുകൾ വിറ്റഴിക്കപ്പെട്ടു. ഇതിലൂടെ 2.21 കോടി റിയാലായിരുന്നു സൗദി ബോക്സ് ഓഫീസ് നേടിയത്. എന്നാൽ പെരുന്നാൾ സീസൺ എത്തിയതോടെ കാണികളുടെ എണ്ണത്തിലും കളക്ഷനിലും രാജ്യം റെക്കോർഡ് നേട്ടത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു.
Content Highlights: Eid celebrations brought strong momentum to Saudi Arabia’s entertainment sector, with record box office collections reported. Expatriate audiences significantly contributed to the surge, making the festive period a major success for cinemas across the country.