റിയാദില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്ക് ഇനി മുതൽ പുതിയ സംവിധാനം; അറിയിച്ച് അധികൃതർ

രാജ്യത്തെ മറ്റ് നഗരങ്ങളിലേക്കും പദ്ധതി ഘട്ടം ഘട്ടമായി വ്യാപിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു

സൗദിയുടെ തലസ്ഥാന നഗരമായ റിയാദില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ ഇനി മുതല്‍ പൂര്‍ണമായും ''റിയല്‍ എസ്റ്റേറ്റ് രജിസ്ട്രി'' സംവിധാനത്തിലൂടെ ആയിരിക്കുമെന്ന് ജനറല്‍ അതോറിറ്റി ഫോര്‍ റിയല്‍ എസ്റ്റേറ്റും നീതിന്യായ മന്ത്രാലയവും പ്രഖ്യാപിച്ചു. റിയാദ് നഗരപരിധിക്കകത്തുള്ള ഭൂസ്വത്തുക്കളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായ സാഹചര്യത്തിലാണ് പുതിയ തീരുമാനം. രാജ്യത്തെ മറ്റ് നഗരങ്ങളിലേക്കും പദ്ധതി ഘട്ടം ഘട്ടമായി വ്യാപിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

സൗദി വിഷന്‍ 2030-ന്റെ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തി നടപ്പിലാക്കുന്ന ഡിജിറ്റല്‍ വികസന പദ്ധതികളുടെ ഭാഗമായാണ് പുതിയ സംവിധാനം. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം ശക്തമാക്കുക, റിയല്‍ എസ്റ്റേറ്റ് വിവരങ്ങളുടെ വിശ്വാസ്യത വര്‍ധിപ്പിക്കുക, നടപടിക്രമങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുക മുതലായ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. റിയാദിലെ സ്വത്ത് കൈമാറ്റം, ഭൂമി വിഭജനം, യൂണിറ്റ് വേര്‍തിരിക്കല്‍, രേഖകള്‍ പുതുക്കല്‍, മോര്‍ട്ട്‌ഗേജ് സേവനങ്ങള്‍, വഖഫ്-വസിയത്ത് പോലുള്ള അവകാശങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ ചേര്‍ക്കല്‍, മുതലായ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലെ പ്രധാനപ്പെട്ട എല്ലാ നടപടികളും ഇനി പുതിയ സംവിധാനത്തിലൂടെയായിരിക്കും നടപ്പാക്കുക.

പുതിയ സംവിധാനം നടപ്പിലാക്കുമ്പോള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സേവനങ്ങള്‍ക്ക് തടസ്സമുണ്ടാകാതിരിക്കാനുള്ള ക്രമീകരണങ്ങള്‍ ഉറപ്പ് വരുത്തുമെന്നും റിയല്‍ എസ്റ്റേറ്റ് രേഖകളുടെ വിശ്വാസ്യത പൂര്‍ണമായും സംരക്ഷിക്കപ്പെടുമെന്നും അധികൃതര്‍ വ്യക്തമാക്കി. റിയാദിലെ റിയല്‍ എസ്റ്റേറ് ഉടമകള്‍ തങ്ങളുടെ സ്വത്തുകള്‍ ഔദ്യോഗിക രജിസ്ട്രി പ്ലാറ്റ്ഫോമിലൂടെ രജിസ്റ്റര്‍ ചെയ്ത് പുതിയ സേവനങ്ങളുടെ ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്നും ജനറല്‍ അതോറിറ്റി ഫോര്‍ റിയല്‍ എസ്റ്റേറ്റ് അധികൃതര്‍ ആവശ്യപ്പെട്ടു. രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയെ കൂടുതല്‍ ആധുനികവത്ക്കരിക്കുന്നതിലും നിക്ഷേപ സൗഹൃദ അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിലും പുതിയ സംവിധാനം നിര്‍ണായക പങ്കുവഹിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Content Highlights: Riyadh authorities have introduced a new mechanism for handling real estate transactions. The updated system is expected to streamline procedures, enhance transparency, and improve services for buyers, sellers, and investors in the property market.

To advertise here,contact us