ഹജ്ജിന്റെ പ്രധാന കർമ്മം, ഖുത്ബ മലയാളം ഉള്‍പ്പെടെ 35 ഭാഷകളിൽ വിവർത്തനം ചെയ്യും

വര്‍ഷങ്ങളായി നേടിയെടുത്ത അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ രൂപം കൊണ്ട പ്രത്യേക പദ്ധതിയാണ് അറഫാ ഖുത്ബ വിവര്‍ത്തന പദ്ധതി

ഹജ്ജിന്റെ ഏറ്റവും പ്രധാന കര്‍മ്മങ്ങളില്‍ ഒന്നായ അറഫ ദിന ഖുത്ബ മലയാളം ഉള്‍പ്പെടെയുള്ള ലോകത്തിലെ 35 ഭാഷകളില്‍ വിവര്‍ത്തനം ചെയ്യും. ഇരു ഹറം കാര്യാലയ മേധാവി ശൈഖ് ഡോക്ടര്‍ അബ്ദുറഹ്‌മാന്‍ അല്‍ സുദൈസ്, ആണ് ഇക്കാര്യം അറിയിച്ചത്. മലയാളത്തിനു പുറമെ തമിള്‍, ഹിന്ദി, ബംഗ്ല, ഉറുദു ഭാഷകളിലും ഖുത്ബ പരിഭാഷ ലഭ്യമാകുമെന്നും അദ്ദേഹം അറിയിച്ചു.

ലോകമെമ്പാടുമുള്ള ഇസ്ലാം മത വിശ്വാസികളിലേക്ക് ഇസ്ലാമിന്റെയും അറഫാ ദിന പ്രഭാഷണത്തിന്റെയും ആത്മീയ സന്ദേശങ്ങള്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മലയാളം ഉള്‍പ്പെടെയുള്ള 35 ഭാഷകളില്‍ ഖുത്ബ വിവര്‍ത്തനം പ്രക്ഷേപണം ചെയ്യുന്നത്. റിയാസത്ത് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെയും ഔദ്യോഗിക ചാനലുകളിലൂടെയും ഖുത്ബ തത്സമയം സംപ്രേഷണം ചെയ്യുമെന്ന് ഇരു ഹറം കാര്യാലയ മേധാവി ഷെയ്ഖ് സുദൈസി വ്യക്തമാക്കി. ഇസ്ലാമിനും മുസ്ലിം സമൂഹത്തിനും സൗദി അറേബ്യ നടത്തുന്ന സേവനങ്ങളുടെ തുടര്‍ച്ചയുടെ ഭാഗമായാണ് നടപടി.

ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ആഗോള തലത്തില്‍ ഹജ്ജിന്റെ സ്വാധീനം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇത് നടപ്പിലാക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. വര്‍ഷങ്ങളായി നേടിയെടുത്ത അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ രൂപം കൊണ്ട പ്രത്യേക പദ്ധതിയാണ് അറഫാ ഖുത്ബ വിവര്‍ത്തന പദ്ധതി. അനറബികളായ മുസ്ലിംകള്‍ക്ക് ഖുത്ബയിലെ ആത്മീയവും മാനവികവുമായ സന്ദേശങ്ങള്‍ മനസ്സിലാക്കാന്‍ ഇത് സഹായകരമാകും.

ഉയര്‍ന്ന നിലവാരത്തിലും പ്രൊഫഷണല്‍ രീതിയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഖുത്ബ പരിഭാഷ എത്തിക്കാനുള്ള സാങ്കേതിക-മാധ്യമ സംവിധാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലയാളം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ഭാഷകള്‍ക്ക് പുറകെ ഇഗ്ലീഷ്, ഫ്രഞ്ച്, ഇന്‍ഡോനേഷ്യന്‍, ടര്‍ക്കിഷ്, ഫാര്‍സി, സ്പാനിഷ്, ചൈനീസ്, റഷ്യന്‍, മലായ് ഭാഷകളിലും ഖുതുബ വിവര്‍ത്തനം പ്രക്ഷേപണം ചെയ്യും.

ഹജ്ജിന്റെ ഏറ്റവും പ്രധാന കര്‍മ്മങ്ങളില്‍ ഒന്നായ അറഫ സംഗമത്തില്‍ വെച്ചാണ് ഖുതുബ നടക്കുക. ഹജ്ജ് കര്‍മ്മത്തിനു എത്തിയ എല്ലാ വിശ്വാസികളും ഈ കര്‍മ്മത്തില്‍ പങ്കെടുക്കും. ഈ വര്‍ഷത്തെ അറഫാ ഖുത്ബ മസ്ജിദുന്നബവിയിലെ ഇമാമും ഖതീബുമായ ശൈഖ് ഡോക്ടര്‍ അലി ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍ ഹുദൈഫിയാണ് നിര്‍വഹിക്കുക.

Content Highlights: Authorities have announced that the main Hajj sermon will be translated into 35 languages, including Malayalam. The move aims to ensure that pilgrims from diverse linguistic backgrounds can follow and understand the important religious message.

To advertise here,contact us