ഇറാനില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ സൗദിയില്‍ എത്തിത്തുടങ്ങിയതായി ഹജ്ജ്, ഉംറ മന്ത്രാലയം. പശ്ചിമേഷ്യന്‍ സംഘര്‍ഷം ആരംഭിച്ചതിന് പിന്നാലെ നിലനിന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ഇന്ന് രാവിലെ മുതല്‍ തീര്‍ത്ഥാടകര്‍ പുണ്യ നഗരങ്ങളിലേക്ക് പ്രവേശിച്ചു തുടങ്ങിയത്. രണ്ടു മാസങ്ങള്‍ക്ക് ശേഷം ശനിയാഴ്ച മുതല്‍ തെഹ്റാന് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചതിന് പിന്നാലെയാണ് ഇറാനില്‍ നിന്നുള്ള തീര്‍ഥാടകര്‍ സൗദിയില്‍ എത്തി തുടങ്ങിയത്.
പ്രവാചക നഗരമായ മദീനയിലാണ് ആദ്യ സംഘം വിമാനം ഇറങ്ങിയത്. സൗദി ഹജ്ജ് ഉംറ മന്ത്രാലയം അധികൃതര്‍ വിമാനത്താവളത്തില്‍ എത്തി ഹാജിമാരെ സ്വീകരിച്ചു. ഫെബ്രുവരി 28-ന് യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഇറാനിലെ വിവിധ വിമാന താവളങ്ങള്‍ അടച്ചതിനെ തുടര്‍ന്ന് അവിടെ നിന്നുള്ള നൂറ് കണക്കിന് ഉംറ തീര്‍ത്ഥാടകര്‍ സ്വദേശത്തേക്ക് മടങ്ങാന്‍ കഴിയാതെ സൗദിയില്‍ കുടുങ്ങിയിരുന്നു. സൗദി ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വമാന മാര്‍ഗം അറാറിലെത്തിച്ച ഇവര്‍ പിന്നീട് കര മാര്‍ഗമാണ് ഇറാനിലേക്ക് മടങ്ങിപോയത്.
അതിനിടെ ഹജ്ജ് സീസണിന് മുന്നോടിയായി തീര്‍ത്ഥാടകര്‍ക്ക് ബോധവല്‍ക്കരണവും മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കുന്നതിനായി മക്കയിലെ മസ്ജിദുല്‍ ഹറമില്‍ മലയാളമുള്‍പ്പെടെ 42 ഭാഷകളില്‍ സ്മാര്‍ട്ട് സ്ക്രീനുകള്‍ സ്ഥാപിച്ചു. തീര്‍ഥാടകര്‍ക്ക് അവരുടെ മാതൃഭാഷയില്‍ മതപരമായ കാര്യങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിനു പുറമെ ആരാധനാ കര്‍മ്മങ്ങള്‍ കൃത്യമായും സുരക്ഷിതമായും നിര്‍വഹിക്കാനും ഇത് വഴി തീര്‍ത്ഥാടകര്‍ക്ക് കഴിയും.
Content Highlights: Authorities confirmed that Hajj pilgrims from Iran have started arriving in Saudi Arabia for the annual pilgrimage, marking the beginning of travel arrangements for the Hajj season.