ഇറാൻ-യുഎസ് വെടിനിർത്തലിന് പിന്നാലെ ചർച്ചയുമായി സൗദി ഇറാൻ വിദേശകാര്യ മന്ത്രിമാർ

മേഖലയിലെ നിലവിലെ സാഹചര്യങ്ങള്‍ ഇരുനേതാക്കളും വിലയിരുത്തി

ഇറാന്‍-യുഎസ് വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിന് പിന്നാലെ സൗദി അറേബ്യയുടെയും ഇറാന്റെയും വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച നടത്തി. സൗദി വിദേശകാര്യ മന്ത്രി അമീര്‍ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ബിന്‍ അബ്ദുള്ളയും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാക്ചിയുമാണ് ടെലഫോണില്‍ ചര്‍ച്ച നടത്തിയത്.

മേഖലയിലെ നിലവിലെ സാഹചര്യങ്ങള്‍ ഇരുനേതാക്കളും വിലയിരുത്തി. മിഡില്‍ ഈസ്റ്റില്‍ സ്ഥിരമായി സമാധാനം പുനസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും ചര്‍ച്ചയായി. അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിനെ സൗദി അറേബ്യ സ്വാഗതം ചെയ്തു. സമാധാനം പുനസ്ഥാപിക്കുന്നതിനായി പാകിസ്താൻ നടത്തിയ മധ്യസ്ഥ ശ്രമങ്ങളെയും വിദേശ കാര്യ മന്ത്രി അഭിനന്ദിച്ചു. മേഖലയിലെ സമാധാനശ്രമങ്ങളില്‍ നിര്‍ണായകമായേക്കാവുന്ന സുപ്രധാന നീക്കമായാണ് സൗദി-ഇറാന്‍ വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ചയെ നയതന്ത്ര വിദഗ്ധര്‍ വിലയിരുത്തുന്നത്.

അതിനിടെ ഗള്‍ഫ് മേഖലയില്‍ ആശ്വാസത്തിന്റെ മണിക്കൂറുകളാണ് ഇപ്പോഴുള്ളത്. ജിസിസി രാജ്യങ്ങള്‍ക്ക് എതിരായ ഇറാന്റെ ആക്രമണം അവസാനിച്ചതായി സൂചന. വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന്റെ രണ്ടാം ദിനമായ ഇന്ന് ഇറാന്റെ മിസൈലുകളും ഡ്രോണുകളും എത്തിയില്ലെന്ന് വിവിധ രാജ്യങ്ങള്‍ സ്ഥിരീകരിച്ചു.

യുഎസ് - ഇറാന്‍ താത്ക്കാലിക വെടി നിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിന് ശേഷം ഇന്നലെയും ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരെ ഇറാന്‍ ആക്രമണം തുടര്‍ന്നു. ലെബനനിലെ ഇസ്രയേല്‍ ആക്രമണമായിരുന്നു അതിന് കാരണമായി അവര്‍ ചൂണ്ടികാട്ടിയത്. എന്നാല്‍ ഇന്ന് സ്ഥിതി തീര്‍ത്തും വ്യത്യസ്ഥാനമാണ്. മിസൈലുകളും ഡ്രോണുകളും തകര്‍ക്കുന്ന ഉഗ്ര സ്‌ഫോടന ശബ്ദങ്ങള്‍ എവിടെയും കേള്‍ക്കാനില്ല. തികച്ചും സാധാരണ നിലയിലേക്ക് ഗള്‍ഫ് രാജ്യങ്ങള്‍ മടങ്ങിയിരിക്കുന്നു.

Content Highlights: Following the Iran-US ceasefire, Saudi Arabia and Iran’s foreign ministers meet for discussions aimed at easing regional tensions and strengthening diplomatic channels.

To advertise here,contact us