സൗദി അറേബ്യയില്‍ നിയമ ലംഘകരായ പ്രവാസികള്‍ക്കെതിരെ നടപടി ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. ഒരാഴ്ചയ്ക്കിടെ 12,000-ത്തിലേറെ നിയമ ലംഘകരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. നിയമ ലംഘകര്‍ക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.സൗദി അറേബ്യയില്‍ നിയമ ലംഘകരായ പ്രവാസികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയം പരിശോധന ശക്തമാക്കിയിരിക്കുന്നത്.
ഒരാഴ്ചക്കിടെ 12,000ത്തോളം പ്രവാസികളെയാണ് പിടികൂടിയത്. ഈ മാസം 19 മുതല്‍ 25 വരെയുള്ള കാലയളവില്‍ രാജ്യവ്യാപകമായി നടത്തിയ പരിശോധനയിലാണ് നിയമ ലംഘകര്‍ പിടിയിലായത്. താമസ, തൊഴില്‍, നിയമങ്ങള്‍ ലംഘിച്ചവരാണ് ഇതില്‍ ഏറെയും. അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച നിരവധി പേരും അറസ്റ്റിലായി. 7,650 പേരും താമസ നിയമലംഘനം നടത്തിയവരാണ്. അതിര്‍ത്തി സുരക്ഷാ നിയമം ലംഘിച്ച 2,952 പേരും തൊഴില്‍ നിയമം ലംഘിച്ച 1,365 പേരും ഇവരില്‍ ഉള്‍പ്പെടുന്നു.
അനധികൃതമായി അതിര്‍ത്തി കടന്ന് രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച 1,140 പേരെയും പിടികൂടി. ഇതില്‍ 71 ശതമാനം എത്യോപ്യക്കാരും 26 ശതമാനം യമനികളുമാണെന്ന ആഭ്യന്തര മന്ത്രാലയം അറയിച്ചു. ഇതിന് പുറമെ അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 42 പേരെയും നിയമലംഘകര്‍ക്ക് സഹായം നല്കിയ 17 പേരെയും അറസ്റ്റ് ചെയ്തു. നിലവില്‍ 29,316 പുരുഷന്മാരും 3,641 സ്ത്രീകളും നിയമനടപടികള്‍ നേരിടുകയാണ്. ഇതില്‍ 23,238 പേരെ യാത്രാരേഖകള്‍ ശരിയാക്കുന്നതിനായി അതത് രാജ്യങ്ങളുടെ എംബസികളിലേക്ക് കൈമാറി. 5,111 പേരെ ഇതിനകം നാടുകടത്തി.
മറ്റുള്ളവരുടെ യാത്രാ നടപടികള്‍ പൂര്‍ത്തിയായി വരുന്നതായി അധികൃതര്‍ അറിയിച്ചു. അനധികൃതമായി രാജ്യത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നവരെ സഹായിക്കുന്നവര്‍ക്കും അവര്‍ക്ക് താമസസൗകര്യവും ജോലിയും നല്കുന്നവര്ക്കും കടുത്ത ശിക്ഷ ലഭിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്കി. 15 വര്‍ഷം വരെ തടവും 10 ലക്ഷം റിയാല്‍ വരെ പിഴയുമാണ് ഇത്തരക്കാരെ കാത്തിരിക്കുന്നത്.
നിയമ ലംഘകര്‍ക്ക് സഹായം നല്‍കുന്നവരുടെ വാഹനങ്ങളും കെട്ടിടങ്ങളും കണ്ടുകെട്ടും. നിയമ ലംഘകരെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറണമെന്നും ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യാര്‍ത്ഥിച്ചു. മന്ത്രാലയത്തിന്റെ വെബ്സൈറ്റ് ടോള്‍ ഫ്രീ നമ്പര്‍ എന്നിവ വഴി വിവരങ്ങള്‍ കൈമാറാനാകും.
Content Highlights: Saudi Arabia has intensified action against illegal expatriates, with over 2,000 arrests reported as part of a nationwide crackdown.