ഖത്തറിൽ ഇറാൻ നടത്തിയത് ഗുരുതരമായ നിയമലംഘനം; ഇറാന്റെ ന്യായീകരണങ്ങൾ ഔദ്യോഗികമായി തള്ളി ദോഹ

ആക്രമണങ്ങൾ സൃഷ്ടിച്ച പ്രത്യാഘാതങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് ആർക്കും ഒഴിഞ്ഞുമാറാനാകില്ലെന്നും ഖത്തർ

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഖത്തറിൽ ഇറാൻ നടത്തിയ ആക്രമണങ്ങൾ അമേരിക്കൻ കേന്ദ്രങ്ങളെ മാത്രം ലക്ഷ്യമിട്ടായിരുന്നു എന്ന ഇറാന്റെ വാദങ്ങൾ തള്ളി ഖത്തർ. ജനവാസ മേഖലകളിലും വാണിജ്യ-വ്യാവസായിക കേന്ദ്രങ്ങളിലും ഇറാന്റെ മിസൈൽ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് ഖത്തറിന്റെ പ്രതികരണം. ഐക്യരാഷ്ട്രസഭയിലാണ് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവും പ്രധാനമന്ത്രിയുടെ ഉപദേശകനുമായ ഡോ. മജീദ് ബിൻ മുഹമ്മദ് അൽ അൻസാരി നിലപാട് വ്യക്തമാക്കിയത്.

കഴിഞ്ഞ മാർച്ച് ഒന്നിന് ഐക്യരാഷ്ട്രസഭയ്ക്ക് നൽകിയ കത്തുകളിൽ ജനവാസ മേഖലകൾക്ക് നേരെയുണ്ടായ മിസൈൽ ആക്രമണങ്ങളിൽ 16 പേർക്ക് പരിക്കേറ്റതായും വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതായും ഖത്തർ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, ജൂലൈ 20-നുണ്ടായ തുടർ ആക്രമണങ്ങളിൽ ഒരു കുട്ടിയുൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റ കാര്യവും ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര ടെലികമ്യൂണിക്കേഷൻ യൂണിയൻ സമ്മേളനത്തിനായി തയ്യാറാക്കിയ സുരക്ഷാ റിപ്പോർട്ടിലെ ഒറ്റപ്പെട്ട വാചകങ്ങൾ മാത്രം ചൂണ്ടിക്കാട്ടി യാഥാർത്ഥ്യം മറച്ചുവെക്കാൻ ഇറാൻ ശ്രമിക്കരുതെന്നും ഖത്തർ ഓർമ്മിപ്പിച്ചു.

ഖത്തർ സായുധ സേന ഇറാന്റെ ഭൂരിഭാഗം മിസൈലുകളും ഡ്രോണുകളും വിജയകരമായി പ്രതിരോധിച്ചു എന്നതുകൊണ്ട് ആക്രമണത്തിന്റെ ഗൗരവം കുറയുന്നില്ല. അന്താരാഷ്ട്ര ഊർജ്ജ സുരക്ഷയിൽ നിർണ്ണായക പങ്കുവഹിക്കുന്ന ഖത്തറിന്റെ ദേശീയ ആസ്തിയായ റാസ് ലഫാൻ വാതക ഉത്പാദന കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണം ഉൾപ്പെടെ രാജ്യത്തിന്റെ വ്യോമാതിർത്തി ലംഘിച്ചു നടത്തിയ എല്ലാ ആക്രമണങ്ങളും ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ആക്രമണങ്ങൾ സൃഷ്ടിച്ച പ്രത്യാഘാതങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് ആർക്കും ഒഴിഞ്ഞുമാറാനാകില്ലെന്നും ഖത്തർ വ്യക്തമാക്കി.

മേഖലയിലെ സംഘർഷങ്ങളിൽ കക്ഷിയല്ലാത്ത ഖത്തറിന് നേരെ ഇത്തരം ആക്രമണങ്ങൾ നടത്തുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽഥാനി, ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുമായി നടത്തിയ ഫോൺ സംഭാഷണത്തിലും ഇറാന്റെ വാദങ്ങൾ തള്ളിക്കളഞ്ഞിരുന്നു. ആക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ഖത്തർ, ചർച്ചകളിലൂടെയും സമാധാനപരമായ മാർഗ്ഗങ്ങളിലൂടെയും മാത്രമേ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകൂ എന്നും നയതന്ത്ര ശ്രമങ്ങൾ തുടരുമെന്നും അറിയിച്ചു.

Content Highlights: Qatar has officially dismissed Iran’s justifications over the issue, describing the actions as a serious violation of international law. Doha’s response adds to the continuing diplomatic tensions surrounding developments in the region.

To advertise here,contact us