ഇറാനെതിരായ സൈനിക നടപടിയിൽ പങ്കാളിയാകാൻ ഖത്തർ സമ്മതിച്ചുവെന്ന രീതിയിൽ ഇസ്രയേൽ മാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ടുകൾ പൂർണ്ണമായും തള്ളി ഖത്തർ. ഈ അവകാശവാദങ്ങൾ തികച്ചും വ്യാജവും രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ളതുമാണെന്ന് ഖത്തർ ഔദ്യോഗികമായി വ്യക്തമാക്കി. ഖത്തർ ഇന്റർനാഷണൽ മീഡിയ ഓഫീസാണ് വാർത്താക്കുറിപ്പിലൂടെ ഇസ്രയേൽ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ നിഷേധിച്ച് രംഗത്തെത്തിയത്.
മേഖലയിലെ സംഘർഷങ്ങളിലേക്ക് ഖത്തറിനെ അനാവശ്യമായി വലിച്ചിഴക്കാൻ ആഗ്രഹിക്കുന്ന ചില നിക്ഷിപ്ത താൽപ്പര്യക്കാരാണ് ഇത്തരം നുണപ്രചാരണങ്ങൾക്ക് പിന്നിലെന്ന് മീഡിയ ഓഫീസ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. മധ്യസ്ഥശ്രമങ്ങളിൽ ഖത്തർ വഹിക്കുന്ന സുപ്രധാന പങ്കിനെ തകർക്കാനും മേഖലയെ കൂടുതൽ സംഘർഷത്തിലേക്കും അരാജകത്വത്തിലേക്കും തള്ളിവിടാനുമാണ് ഈ വിഭാഗം ശ്രമിക്കുന്നതെന്നും അധികൃതർ കുറ്റപ്പെടുത്തി.
നിലവിലെ സംഘർഷത്തിന്റെ തുടക്കം മുതൽ തന്നെ തങ്ങളുടെ അയൽരാജ്യങ്ങൾക്കെതിരെയുള്ള ഒരു സൈനിക നടപടിയിലും ഖത്തർ പങ്കാളിയായിട്ടില്ലെന്നും ഇനി ഉണ്ടാകില്ലെന്നും ഖത്തറി ഉദ്യോഗസ്ഥർ പലതവണ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണെന്ന് പ്രസ്താവനയിൽ ഓർമ്മിപ്പിച്ചു. തങ്ങളുടെ അയൽരാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കുന്ന നയമാണ് രാജ്യം എക്കാലത്തും സ്വീകരിച്ചുപോരുന്നത്.
ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങൾക്കൊന്നും തന്നെ സംഘർഷം അവസാനിപ്പിക്കാനായി ഖത്തർ നടത്തുന്ന സജീവമായ നയതന്ത്ര ശ്രമങ്ങളെ ദുർബലപ്പെടുത്താൻ കഴിയില്ലെന്ന് മീഡിയ ഓഫീസ് ഊന്നിപ്പറഞ്ഞു. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും പങ്കാളികളുമായി ചേർന്ന്, എല്ലാ കക്ഷികളുടെയും ആശങ്കകൾ പരിഹരിക്കുന്ന സമഗ്രവും സുസ്ഥിരവുമായ ഒരു കരാറിലെത്താൻ ഖത്തർ തുടർന്നും ശക്തമായി മുൻകൈ എടുക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Content Highlights: Qatar has dismissed Israeli media reports claiming it was involved in military action against Iran. Doha reiterated that it had no role in the operation and emphasized its commitment to diplomacy, de-escalation, and regional stability.