ഇറാന്റെ ആക്രമണത്തിന് പിന്നാലെ കടല്‍ വഴിയുള്ള ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ഖത്തര്‍. പൊതുജന സുരക്ഷയെ മുന്‍നിര്‍ത്തിയാണ് കടല്‍ വഴിയുള്ള ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതെന്ന് ഖത്തര്‍ ഗതാഗത മന്ത്രാലയം വ്യക്തമാക്കി. വിനോദ ബോട്ടുകള്‍, മീന്‍പിടിക്കാന്‍ ഉപയോഗിക്കുന്ന ബോട്ടുകള്‍, ജെറ്റ് സ്കിസ് തുടങ്ങിയവ ഉപയോഗിക്കുന്നവര്‍ക്കും മുതലാളിമാര്‍ക്കും ഖത്തര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ കടലില്‍ യാതൊരു പ്രവര്‍ത്തികളിലും ഏര്‍പ്പെടരുതെന്ന് ഖത്തര്‍ ഗതാഗത മന്ത്രാലയം അറിയിച്ചു.
അന്താരാഷ്ട്ര ഗതാഗതം നടത്തുന്നവരെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ചട്ടങ്ങളും നടപടിക്രമങ്ങളും പാലിച്ച് മാത്രമേ ഇവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളൂ. മന്ത്രാലയം നല്കുന്ന അറിയിപ്പുകള് പാലിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഔദ്യോഗിക മാര്‍ഗങ്ങളിലൂടെ മാത്രമേ അറിയിപ്പുകള് ഉണ്ടാവുകയുള്ളുവെന്നും മന്ത്രാലയം വ്യക്തമാക്കി.
അതേസമയം ഗള്‍ഫ് മേഖലയിലുള്ള ഇറാന്റെ ആക്രമണത്തെ ഖത്തര്‍ അപലപിച്ചു. ഇറാന് ആക്രമണത്തില്‍ ഖത്തറില്‍ ഒരു കുട്ടിയടക്കം മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത്. ഖത്തറില്‍ നടന്ന ആക്രമണത്തിന്റെ അവശിഷ്ടങ്ങള്‍ വീണാണ് പരിക്കേറ്റതെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പരിക്കേറ്റവര്‍ ചികിത്സയിലാണെന്നും മന്ത്രാലയം വ്യക്തമാക്കി. അടിയന്തര മുന്‍കരുതല്‍ നടപടികള്‍ നടപ്പാക്കേണ്ട സാഹചര്യങ്ങളില്‍ മാത്രമേ ദേശീയ-പൊതു സുരക്ഷാ അടിയന്തര മുന്നറിയിപ്പുകള്‍ നല്‍കുകയുള്ളുവെന്നും മന്ത്രാലയം പറയുന്നു.
യുഎഇയും ഇറാന് ആക്രമണത്തെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളുടെ പരമാധികാരത്തിന് എതിരായ ആക്രമണമാണെന്നും അവരുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കുമുള്ള ഭീഷണിയുമാണെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഹോര്‍മൂസ് കടലിടുക്ക് അടച്ചിടുകയാണെന്ന് അറിയിച്ചതിന് പിന്നാലെ ഇറാനില്‍ അമേരിക്ക ആക്രമണം നടത്തിയിരിന്നു. തുറമുഖ നഗരമായ ജാസ്കില്‍ ഉള്‍പ്പെടെ സ്ഫോടനമുണ്ടായി. ബുഷഹെര്‍ പ്രവിശ്യയില്‍ 12 സ്ഫോടനങ്ങള്‍ നടന്നതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനുനേരെ മൂന്നാംഘട്ട ആക്രമണം ആരംഭിച്ചതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡും അറിയിച്ചിരുന്നു.
അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ ഇറാന് ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ആക്രമണം നടത്തുകയായിരുന്നു. യുഎഇയിലും ഖത്തറിലും കുവൈറ്റിലുമാണ് ഇറാന്റെ ആക്രമണമുണ്ടായത്. ബഹ്റൈനില്‍ സൈറണ്‍ മുഴങ്ങി. സുരക്ഷിത കേന്ദ്രങ്ങളില്‍ തുടരണമെന്ന് ഖത്തര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് പ്രതിരോധിക്കുന്നു എന്ന് കുവൈറ്റ് അറിയിച്ചിരുന്നു.
Content Highlights: Qatar has temporarily suspended maritime traffic in the wake of Iran's attack as a precautionary measure