പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ഖത്തറിലെ വിമാന സര്‍വിസുകള്‍ സാധാരണ നിലയിലേക്ക് എത്തുന്നു. ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള വിദേശ വിമാനക്കമ്പനികളുടെ സര്‍വിസുകള്‍ ഭാഗികമായി പുനരാരംഭിച്ചു. ഘട്ടം ഘട്ടമായി കൂടുതല്‍ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് സിവിവല്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി.
സംഘര്‍ഷ സാഹചര്യങ്ങള്‍ക്ക് അയവ് വന്നതോടെയാണ് ഖത്തറിലെ വിമാന സര്‍വീസുകള്‍ വീണ്ടും സാധാരണ നിലയിലേക്ക് എത്തുന്നത്. ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള വിദേശ വിമാനക്കമ്പനികളുടെ സര്‍വിസുകള്‍ ഭാഗികമായി പുനരാരംഭിച്ചതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ഖത്തറിലേക്കും തിരിച്ചുമുള്ള കൂടുതല്‍ വിദേശ വിമാനങ്ങളുടെ സര്‍വിസുകളും ഘട്ടംഘട്ടമായി പുനരാരംഭിക്കും. എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ കമ്പനികളും വരും ദിവസങ്ങളില്‍ സര്‍വീസ് ആരംഭിക്കും. കേരളത്തിലേക്കും മറ്റ് ഇന്ത്യന്‍ നഗരങ്ങളിലേക്കും നേരിട്ടുള്ള ഫ്ലൈറ്റുകളും വൈകാതെ സജീവമാകും.
വിവിധ ഘട്ടങ്ങളിലുളള സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് വിമാന സര്‍വീസിന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അനുമതി നല്‍കിയത്. യാത്രക്കാരുടെയും എയര്‍ലൈന്‍ ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി അന്താരാഷ്ട്രതലത്തില്‍ അംഗീകരിച്ചിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും വിമാനങ്ങള്‍ സര്‍വീസ് നടത്തുകയെന്നും അതോറിറ്റി വ്യക്തമാക്കി.
ഖത്തറിലേക്കും തിരിച്ചുമുള്ള യാത്രക്കാര്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ് പ്രഖ്യാപനം. കൂടുതല്‍ വിമാനങ്ങല്‍ സര്‍വീസ് ആരംഭിക്കുന്നതോടെ ഉയര്‍ന്ന ടിക്കറ്റ് നിരക്കിലും കുറവുണ്ടാകുമെന്നാണ് പ്രവാസികള്‍ ഉള്‍പ്പെടെയുളളവരുടെ പ്രതീക്ഷ.
ഇറാന്റെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് പിന്നാലെ വ്യോമപാത അടച്ചതിനെ തുടര്‍ന്നാണ് വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. മാര്‍ച്ച് ഏഴിന് വ്യോമപാത ഭാഗികമായി തുറന്നതോടെ ഖത്തര്‍ എയര്‍വേസ് വിവിധ ഭാഗങ്ങളിലേക്കുള്ള സര്‍വിസുകള്‍ ഭാഗികമായി പുനരാരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റ് വിമാനകമ്പനികളുടെ സര്‍വീസും പുനരാരംഭിക്കുന്നത്.
Content Highlights: Authorities announced that flight services in Qatar are returning to normal, with more services expected to resume gradually in different phases.