ഗള്ഫ് മേഖലയിലെയും പശ്ചിമേഷ്യയിലെയും ഏറ്റവും കുറഞ്ഞ ഗതാഗതക്കുരുക്കുള്ള നഗരങ്ങളുടെ പട്ടികയില് ഖത്തര് തലസ്ഥാനമായ ദോഹക്ക് രണ്ടാം സ്ഥാനം. 135.1 പോയിന്റോടെയാണ് ദോഹയുടെ നേട്ടം. ഒമാന്റെ തലസ്ഥാനമായ മസ്ക്കത്ത് ആണ് ഏറ്റവും കുറഞ്ഞ ഗതാഗതക്കുരുക്കുള്ള നഗരം.
ജീവിതനിലവാര സൂചികകള് വിശകലനം ചെയ്യുന്ന ഓണ്ലൈന് ഡാറ്റാബേസായ 'നംബിയോ' പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്ട്ടിലാണ് ദോഹയുടെ നേട്ടം വ്യക്തമാക്കുന്നത്. ഒമാന് തസ്ഥാനമായ മസ്ക്കത്തിന് പിന്നാലെയാണ് ഏറ്റവും ഗതാഗതക്കുരുക്ക് കുറഞ്ഞ നഗരങ്ങളുടെ പട്ടികയില് ഖത്തര് തലസ്ഥാനമായ ദോഹ ഇടം പിടിച്ചത്. അബുദബി, മനാമ കുവൈത്ത് സിറ്റി, റിയാദ് എന്നീ നഗരങ്ങളാണ് തുടര്ന്നുള്ള സ്ഥാനങ്ങളിലുള്ളത്.
രാജ്യങ്ങളുടെ അടിസ്ഥാനത്തിലുള്ള റാങ്കിംഗിലും ഒമാന് പിന്നിലായി ഖത്തര് രണ്ടാം സ്ഥാനത്തുണ്ട്. ഖത്തറിലെ ഗതാഗത മേഖലയില് നടപ്പിലാക്കിയ വിപുലമായ വികസന പ്രവര്ത്തനങ്ങളാണ് ഈ നേട്ടത്തിന് പിന്നിലെന്ന് റിപ്പോര്ട്ടില് പറയുന്നു. ദീര്ഘവീക്ഷണമുള്ള വികസന പദ്ധതികളും ശ്രദ്ധേയമായ നേട്ടം കൈവരിക്കുന്നതിന് സാഹായിച്ചു.
ദോഹ മെട്രോ ഉള്പ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങള് ജനങ്ങള് കൂടുതലായി ഉപയോഗിക്കാന് തുടങ്ങിയതോടെയാണ് നിരത്തുകളിലെ ഗതാഗത ക്കുരുക്ക് കുറഞ്ഞത്. കഴിഞ്ഞ വര്ഷത്തിന്റെ ആദ്യ പാതത്തില് തന്നെ പൊതുഗതാഗത മേഖലയില് 73 ശതമാനം ബസുകളും ഇലക്ട്രിക് ആക്കി മാറ്റിയിരുന്നു. ഇത് 2030-ഓടെ 100 ശതമാനത്തിലെത്തിക്കാനാണ് പദ്ധതി. പുതിയ റോഡുകളുടെ നിര്മാണം ഉള്പ്പെടെ ഗതാഗത മേഖലയില് വലിയ വികസന പദ്ധതികളാണ് ഇപ്പോള് പുരോഗമിക്കുന്നത്.
Content Highlights: Doha has secured the second position among cities in West Asia and the Gulf with the least traffic congestion. The ranking reflects improvements in traffic management and transport infrastructure in the Qatari capital, contributing to smoother commuting and reduced travel delays for residents and visitors.