ഖത്തറിലെ ഇസ്രയേൽ ആക്രമണം; അപലപിച്ച് സൗദി കിരീടവകാശി

ഖത്തറിന് ആവശ്യമായ ഏത് നടപടികൾക്കും സൗദിയുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും സൽമാൻ രാജകുമാരൻ അറിയിച്ചു

ഖത്തറിന് നേരെയുണ്ടായ ഇസ്രയേൽ ആക്രമണത്തെ ശക്തമായി അപലപിച്ച് സൗദി കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുള്ളാസിസ് അൽ സൗദ് രാജകുമാരൻ‌. ഖത്തറിന് ആവശ്യമായ ഏത് നടപടികൾക്കും സൗദിയുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും സൽമാൻ രാജകുമാരൻ അറിയിച്ചു. ഷൂറ കൗൺസിലിന്റെ ഒമ്പതാം സെഷൻ രണ്ടാം വർഷത്തിലേക്ക് കടക്കുന്നത് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് സൗദി അറേബ്യ ഖത്തറിന് നേരെയുണ്ടായ ആക്രമണം ഉൾപ്പെടെ, മേഖലയിലെ ഇസ്രയേൽ അധിനിവേശത്തിന്റെ അതിക്രമങ്ങളെ അപലപിച്ചത്.

ഇത്തരം അതിക്രമങ്ങളെ നേരിടാനും മേഖലയുടെ സുരക്ഷയും സ്ഥിരതയും തകർക്കാൻ ലക്ഷ്യമിട്ടുള്ള ഇസ്രയേലിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാനും അറബ്, ഇസ്ലാമിക, അന്താരാഷ്ട്ര മേഖലയുടെ കൂട്ടായ പ്രവർത്തനങ്ങൾ ആവശ്യമാണെന്ന് സൽമാൻ രാജകുമാരൻ പറഞ്ഞു. റിയാദ് പരിമിതികളില്ലാതെ ഖത്തറിനൊപ്പം നിൽക്കുമെന്നും സാധ്യമായവ എല്ലാം ചെയ്യുമെന്നും സൽമാൻ രാജകുമാരൻ കൂട്ടിച്ചേർത്തു.

ഗാസയിലെ പലസ്തീൻ ജനതയ്‌ക്കെതിരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളെയും സൗദി അറേബ്യ അപലപിക്കുന്നതായി രാജകുമാരൻ കൂട്ടിച്ചേർത്തു. ഗാസ പലസ്തീൻ ഭൂമിയാണ്. അവിടുത്തെ ജനങ്ങളുടെ അവകാശങ്ങൾ അനിഷേധ്യമാണ്. ഊന്നിപ്പറഞ്ഞു. 'ഒരു ആക്രമണത്തിനും അവരെ ആ അവകാശങ്ങളിൽ നിന്ന് അകറ്റാനോ ഭീഷണികൾക്ക് അവയെ ഇല്ലാതാക്കാനോ കഴിയില്ല. ആ അവകാശങ്ങൾ സംരക്ഷിക്കാനും അവ ലംഘിക്കപ്പെടുന്നത് തടയാൻ ഗൗരവമായി പ്രവർത്തിക്കാനും സൗദി അറേബ്യയുടെ നിലപാട് ഉറച്ചതാണ്,' രാജകുമാരൻ‌ വ്യക്തമാക്കി.

ചൊവ്വാഴ്ച പ്രാദേശികസമയം വൈകിട്ട് മൂന്നരയോടെയാണ് ദോഹയിലെ നയതന്ത്ര മേഖലയായ ലഗ്താഫിയയിൽ ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിന് നേർക്ക് ഇസ്രയേൽ അപ്രതീക്ഷിത ആക്രമണം നടത്തിയത്. പിന്നാലെ ആറ് പേർ കൊല്ലപ്പെടുകയും സുരക്ഷ ഉദ്യോ​ഗസ്ഥർക്കും സാധാരാണക്കാർക്കും പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തെ അപലപിച്ച് നിരവധി ലോകനേതാക്കൾ രംഗത്തെത്തുകയും ചെയ്തു.

Content Highlights: Saudi Crown Prince affirms full support for Qatar

To advertise here,contact us