ഒമാനിൽ ഇറക്കുമതി വില കുതിക്കുന്നു; ഒരു വർഷത്തിനിടെ വർധന 11.7 ശതമാനം

ഇറക്കുമതി ചെയ്യുന്ന ഭൂരിഭാഗം ഉൽപ്പന്ന വിഭാഗങ്ങളിലും വില വർധന രേഖപ്പെടുത്തിയിട്ടുണ്ട്. ധാതു ഇന്ധനങ്ങളും അനുബന്ധ വസ്തുക്കളുമാണ് ഏറ്റവും കൂടുതൽ വില വർധിച്ച വിഭാഗം

ഒമാനിൽ ഇറക്കുമതി ഉൽപ്പന്നങ്ങളുടെ വിലയിൽ വൻ വർധന. 2026-ലെ രണ്ടാം പാദത്തിൽ ഇറക്കുമതി വില സൂചിക കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 11.7 ശതമാനം ഉയർന്നു. ഈ വർഷത്തെ ആദ്യ പാദവുമായി താരതമ്യം ചെയ്യുമ്പോൾ വിലയിൽ രണ്ട് ശതമാനത്തിന്റെ വർധനയുണ്ടായതായും നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ (NCSI) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

ഇറക്കുമതി ചെയ്യുന്ന ഭൂരിഭാഗം ഉൽപ്പന്ന വിഭാഗങ്ങളിലും വില വർധന രേഖപ്പെടുത്തിയിട്ടുണ്ട്. ധാതു ഇന്ധനങ്ങളും അനുബന്ധ വസ്തുക്കളുമാണ് ഏറ്റവും കൂടുതൽ വില വർധിച്ച വിഭാഗം. ഈ വിഭാഗത്തിൽ 45.5 ശതമാനമാണ് വാർഷിക വർധന. സസ്യ-ജന്തു എണ്ണകൾ, കൊഴുപ്പുകൾ, മെഴുക് എന്നിവയുടെ വില 16 ശതമാനവും രാസവസ്തുക്കളുടെയും അനുബന്ധ വസ്തുക്കളുടെയും വില 11.6 ശതമാനവും ഉയർന്നു. ഇന്ധനങ്ങൾ ഒഴികെയുള്ള ഭക്ഷ്യേതര അസംസ്കൃത വസ്തുക്കളുടെ വിലയിൽ 8.3 ശതമാനവും പ്രധാനമായും അസംസ്കൃത വസ്തുക്കളുടെ അടിസ്ഥാനത്തിൽ വർഗീകരിച്ച നിർമിത ഉൽപ്പന്നങ്ങളുടെ വിലയിൽ 7.1 ശതമാനവും വർധനയുണ്ടായി. പാനീയങ്ങൾക്കും പുകയിലയ്ക്കും 6.5 ശതമാനവും ഭക്ഷ്യവസ്തുക്കൾക്കും ജീവനുള്ള മൃഗങ്ങൾക്കും 1.1 ശതമാനവും യന്ത്രങ്ങൾക്കും ഗതാഗത ഉപകരണങ്ങൾക്കും ഒരു ശതമാനവും വില വർധിച്ചു. അതേസമയം വിവിധ നിർമിത ഉൽപ്പന്നങ്ങളുടെ വിലയിൽ 2.9 ശതമാനം കുറവുണ്ടായി.

2026-ലെ ആദ്യ പാദവുമായി താരതമ്യം ചെയ്യുമ്പോൾ രണ്ടാം പാദത്തിൽ ധാതു ഇന്ധനങ്ങളുടെയും അനുബന്ധ വസ്തുക്കളുടെയും വില 21.1 ശതമാനം ഉയർന്നു. പാനീയങ്ങൾക്കും പുകയിലയ്ക്കും 13.8 ശതമാനവും രാസവസ്തുക്കൾക്കും പ്രധാനമായും വസ്തുക്കളുടെ അടിസ്ഥാനത്തിൽ വർഗീകരിച്ച നിർമിത ഉൽപ്പന്നങ്ങൾക്കും 12.5 ശതമാനം വീതവും വർധന രേഖപ്പെടുത്തി. സസ്യ-ജന്തു എണ്ണകൾ, കൊഴുപ്പുകൾ, മെഴുക് എന്നിവയുടെ വില 11.7 ശതമാനവും ഉയർന്നു. എന്നാൽ ചില വിഭാഗങ്ങളിൽ വില കുറഞ്ഞിട്ടുമുണ്ട്. യന്ത്രങ്ങളുടെയും ഗതാഗത ഉപകരണങ്ങളുടെയും വില 12.8 ശതമാനവും ഇന്ധനങ്ങൾ ഒഴികെയുള്ള ഭക്ഷ്യേതര അസംസ്കൃത വസ്തുക്കളുടെ വില 8.7 ശതമാനവും കുറഞ്ഞു.

വിവിധ നിർമിത ഉൽപ്പന്നങ്ങളുടെ വിലയിൽ ഒരു ശതമാനവും ഭക്ഷ്യവസ്തുക്കളുടെയും ജീവനുള്ള മൃഗങ്ങളുടെയും വിലയിൽ 0.3 ശതമാനവും കുറവുണ്ടായി. ഇറക്കുമതി വില സൂചികയിലെ ഈ വർധന ഒമാനിലെ ഇറക്കുമതി വിപണിയിലെ വിലമാറ്റങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്. എന്നാൽ ഇതുമാത്രം അടിസ്ഥാനമാക്കി രാജ്യത്തെ എല്ലാ ഉപഭോക്തൃ ഉൽപ്പന്നങ്ങളുടെയും വില ഇതേ നിരക്കിൽ ഉയർന്നുവെന്ന് പറയാനാകില്ല എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Content Highlights: Import prices in Oman increased by 11.7 percent over one year, highlighting rising costs of imported goods and potential pressure on household and business expenses.

To advertise here,contact us