സലാല തുറമുഖത്ത് നങ്കൂരമിട്ട ഇന്ത്യൻ നാവികസേനയുടെ പ്രശസ്തമായ 'ഐഎൻഎസ് സുദർശിനി' എന്ന പായ്ക്കപ്പൽ കാണാൻ പ്രവാസികളുടെ വൻ തിരക്ക്. വിദ്യാർത്ഥികളും അധ്യാപകരും അടക്കം നിരവധി ഇന്ത്യൻ പ്രവാസികളാണ് സലാല തുറമുഖത്തെത്തി കപ്പൽ സന്ദർശിച്ചത്. പായ്ക്കപ്പലിലെ വ്യത്യസ്തമായ ജീവിതരീതികളും 'ലോകായൻ-26' സമുദ്രാന്തര പര്യവേക്ഷണത്തിലെ വേറിട്ട അനുഭവങ്ങളും നാവികസേനാ ഉദ്യോഗസ്ഥരും ജീവനക്കാരും സന്ദർശകരുമായി പങ്കുവെച്ചു.
കപ്പലിന്റെ സന്ദർശനത്തോടനുബന്ധിച്ച് പ്രമുഖ വ്യക്തികൾക്കായി പ്രത്യേക സ്വീകരണ പരിപാടിയും കപ്പലിൽ ഒരുക്കിയിരുന്നു. ദോഫാർ ഗവർണറേറ്റ് പ്രതിനിധികൾ, റോയൽ നേവി ഓഫ് ഒമാൻ, റോയൽ ഒമാൻ പൊലീസ്, തുറമുഖ ഉദ്യോഗസ്ഥർ, ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ സംസാരിച്ച ഒമാനിലെ ഇന്ത്യൻ സ്ഥാനപതി പ്രശാന്ത് പിസെ, ഇന്ത്യയും ഒമാനും തമ്മിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള സമുദ്ര ബന്ധത്തെക്കുറിച്ച് അനുസ്മരിക്കുകയും സന്ദർശനം വിജയകരമാക്കാൻ പിന്തുണ നൽകിയ ഒമാൻ അധികൃതർക്ക് പ്രത്യേക നന്ദി അറിയിക്കുകയും ചെയ്തു.
2026 ജനുവരിയിൽ കൊച്ചിയിൽ നിന്ന് യാത്ര ആരംഭിച്ച ഐഎൻഎസ് സുദർശിനിയുടെ 'ലോകായൻ-26' സമുദ്രാന്തര പര്യടനത്തിലെ അവസാനത്തെ വിദേശ തുറമുഖമാണ് സലാല. ഒമാനുമായുള്ള സൗഹൃദം കൂടുതൽ ശക്തമാക്കിയ ശേഷമാണ് പായ്ക്കപ്പൽ തങ്ങളുടെ ഈ ചരിത്ര യാത്രയുടെ സമാപനത്തിലേക്ക് അടുക്കുന്നത്.
Content Highlights: Indian Navy training ship INS Sudarshini welcomed more than 500 Indian expatriates, students and teachers during its visit to Salalah, Oman, as part of the Lokayan-26 voyage.