പ്രവർത്തന നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് ഒമാനിൽ 17 സനദ് സേവന കേന്ദ്രങ്ങളുടെ ലൈസൻസുകൾ റദ്ദാക്കി. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയമാണ് നടപടി സ്വീകരിച്ചത്. സേവന നിലവാരവും നിയമങ്ങളും ഉറപ്പാക്കുന്നതിനായി പരിശോധനകൾ ശക്തമാക്കിയതിന്റെ ഭാഗമായാണ് നടപടി. കേന്ദ്രങ്ങളുടെ പ്രവർത്തനം വിലയിരുത്തുന്നതിനും അംഗീകരിച്ച മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായി നടത്തിയ പതിവ് പരിശോധനകളിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്.
2022ലെ മന്ത്രിതല ഉത്തരവ് നമ്പർ 244/2022 പ്രകാരം സനദ് സേവന കേന്ദ്രങ്ങളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന ചട്ടക്കൂടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ലൈസൻസ് നേടിയ എല്ലാ കേന്ദ്രങ്ങളും ബാധകമായ നിയമങ്ങളും പ്രവർത്തന മാർഗനിർദേശങ്ങളും കർശനമായി പാലിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി. നിമയങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ പിഴ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികൾ ഉണ്ടാകാമെന്നും മുന്നറിയിപ്പ് നൽകി. ഒമാനിലുടനീളം പ്രവർത്തിക്കുന്ന സനദ് സേവന കേന്ദ്രങ്ങൾ പൊതുജനങ്ങൾക്കും സ്ഥാപനങ്ങൾക്കും സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്ന സംവിധാനമാണ്. 370ലധികം ഇലക്ട്രോണിക്, ഭരണപരമായ സേവനങ്ങളാണ് ഈ കേന്ദ്രങ്ങളിലൂടെ ലഭിക്കുന്നത്.
സർക്കാർ മന്ത്രാലയങ്ങൾ, മുനിസിപ്പാലിറ്റികൾ, സ്വകാര്യ മേഖലാ സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവിധ ഇടപാടുകൾ പൂർത്തിയാക്കാൻ ഈ കേന്ദ്രങ്ങൾ സഹായിക്കുന്നു. വിവിധ സേവനങ്ങൾ ഒരിടത്തുനിന്ന് ലഭ്യമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. സേവനങ്ങളുടെ നിലവാരം നിലനിർത്തുന്നതിനും നിയന്ത്രണ സംവിധാനം ശക്തിപ്പെടുത്തുന്നതിനും അംഗീകൃത മാനദണ്ഡങ്ങൾ അനുസരിച്ചാണ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതെന്ന് ഉറപ്പാക്കുന്നതിനുമാണ് പരിശോധനകൾ നടത്തുന്നതെന്ന് മന്ത്രാലയം അറിയിച്ചു.
Content Highlights: Oman’s Ministry of Commerce, Industry and Investment Promotion has revoked the licences of 17 Sanad Service Centres for regulatory violations identified during periodic inspections.