സ്കൂളിലേക്ക് മാസ്സ് എൻട്രി; പുതിയ അധ്യയന വർഷത്തിൽ കുതിരപ്പുറത്തേറി ഒമാനി പെൺകുട്ടി, വൈറലായി വീഡിയോ

കുതിരസവാരി ചെയ്ത് സ്കൂളിലേക്ക് പോകുന്ന പെൺകുട്ടിയുടെ ചിത്രങ്ങളും വീഡിയോകളും നിമിഷനേരം കൊണ്ടാണ് ഒമാനിലുടനീളം തരംഗമായത്.

ഒമാനിൽ പുതിയ അധ്യയന വർഷത്തിന്റെ ആദ്യ ദിനത്തിൽ വേറിട്ടൊരു വരവിലൂടെ സോഷ്യൽ മീഡിയയുടെ മനം കവർന്നിരിക്കുകയാണ് ഒരു ഒമാനി പെൺകുട്ടി. സ്‌കൂളിലേക്കുള്ള യാത്രയ്‌ക്ക് ബസ്സോ മറ്റ് വാഹനങ്ങളോ തിരഞ്ഞെടുക്കുന്നതിന് പകരം സ്വന്തം കുതിരപ്പുറത്തേറിയാണ് ഈ വിദ്യാർത്ഥിനി ക്ലാസിലേക്ക് എത്തിയത്. കുതിരസവാരി ചെയ്ത് സ്കൂളിലേക്ക് പോകുന്ന പെൺകുട്ടിയുടെ ചിത്രങ്ങളും വീഡിയോകളും നിമിഷനേരം കൊണ്ടാണ് ഒമാനിലുടനീളം തരംഗമായത്.

2026-2027 അധ്യയന വർഷത്തിന്റെ തുടക്കത്തിൽ പതിനായിരക്കണക്കിന് കുട്ടികൾ സ്കൂളുകളിലേക്ക് തിരിച്ചെത്തിയപ്പോഴാണ് ഏവരുടെയും ശ്രദ്ധ കവർന്ന ഈ അപൂർവ്വ നിമിഷം അരങ്ങേറിയത്. സ്‌കൂൾ യൂണിഫോം ധരിച്ച്, റോഡിലൂടെ ശാന്തയായി കുതിരയെ ഓടിച്ചുപോകുന്ന പെൺകുട്ടിയുടെ ചിത്രങ്ങൾ ഒമാന്റെ പരമ്പരാഗത സംസ്കാരത്തിന്റെ ഭംഗി വിളിച്ചോതുന്നതായിരുന്നു. സാധാരണമായ ഒരു സ്കൂൾ യാത്രയെ നാടിന്റെ പാരമ്പര്യത്തോടുള്ള ആദരവാക്കി മാറ്റാൻ ഈ കൊച്ചുമിടുക്കിക്ക് സാധിച്ചു.

يبدو أن الباص قد نسي إحداهن لكن الشوق والعزيمة لم يمنعاها من الذهاب إلى المدرسة فامتطت جوادها وانطلقت pic.twitter.com/JyPyJ7erAj

പെൺകുട്ടിയുടെ ആത്മവിശ്വാസത്തെയും ഒമാന്റെ പരമ്പരാഗത കുതിരസവാരി പാരമ്പര്യത്തോടുള്ള തീവ്രമായ സ്നേഹത്തെയും വാനോളം പുകഴ്ത്തുകയാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ. പുതിയ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ ആളുകൾ പങ്കുവെച്ചതും ചർച്ച ചെയ്തതുമായ മനോഹര നിമിഷങ്ങളിൽ ഒന്നായി ഈ വേറിട്ട യാത്ര മാറിയിരിക്കുകയാണ്.

Content Highlights: An Omani schoolgirl made a memorable entry to her school by arriving on horseback as the new academic year began. A video capturing the unusual and stylish arrival quickly went viral on social media.

To advertise here,contact us