പരിസ്ഥിതി സൗഹൃദ യാത്രക്കായി ഒമാൻ തലസ്ഥാനമായ മസ്കറ്റിൽ ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന സിറ്റി ബസ് പുറത്തിറക്കും. പൊതുഗതാഗത റൂട്ടുകളിലാണ് ആദ്യത്തെ ഹൈഡ്രജൻ സിറ്റി ബസ് അവതരിപ്പിക്കുക. ദക്ഷിണ കൊറിയൻ ഓട്ടോമോട്ടീവ് കമ്പനിയായ ഹ്യുണ്ടായ് മോട്ടോർ ഗ്രൂപ്പുമായി ചേർന്നാണ് പദ്ധതി.
സലാലയിൽ നടന്ന ഗൾഫ് ഗ്രീൻ മൊബിലിറ്റി ഫോറത്തിലാണ് ഒമാൻ ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയവും ഹ്യുണ്ടായ് മോട്ടോർ ഗ്രൂപ്പും തമ്മിൽ ഇതുസംബന്ധിച്ച ധാരണാപത്രം ഒപ്പുവെച്ചത്. കാർബൺ പുറന്തള്ളൽ കുറഞ്ഞ യാത്ര, സ്മാർട്ട് സിറ്റി, വൃത്തിയുള്ള ഗതാഗത അടിസ്ഥാന സൗകര്യം എന്നിവയിലേക്കുള്ള മാറ്റം ലക്ഷ്യമിട്ടാണ് നടപടി.
സ്മാർട്ട്-സിറ്റി വികസനത്തിലും പരിസ്ഥിതി സൗഹൃദ മൊബിലിറ്റിയിലും സഹകരണത്തിനുള്ള ചട്ടക്കൂട് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. തുടക്കത്തിൽ ഒരു വർഷത്തേക്കാണ് കരാർ കാലാവധി. പിന്നീട് സ്വമേധയാ പുതുക്കാനുള്ള വ്യവസ്ഥയും കരാറിലുണ്ട്. ഇലക്ട്രിക് വാഹനങ്ങൾ, ഹൈഡ്രജൻ ഇന്ധന-സെൽ മൊബിലിറ്റി, സ്മാർട്ട്-സിറ്റി സാങ്കേതികവിദ്യ എന്നീ മേഖലകളാണ് കരാറിൽ ഉൾപ്പെടുന്നത്.
ആദ്യഘട്ടത്തിൽ 24 സീറ്റുള്ള ബസാണ് സർവീസിന് ഉപയോഗിക്കുക. ഒമാൻ്റെ ദേശീയ പൊതുഗതാഗത കമ്പനിയായ മുവാസലാത്താണ് പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് നടത്തുക. 2026ലെ മൂന്നാം പാദത്തിൽ ബസ് സർവീസ് ആരംഭിക്കാനാണ് പദ്ധതി. 2027- മൂന്നാം പാദം വരെ പൈലറ്റ് പദ്ധതി തുടരും. ഒരു വർഷം നീളുന്ന പരീക്ഷണ കാലയളവിൽ മുവാസലാത്തും ഹ്യുണ്ടായിയും ബസിൻ്റെ വിശ്വാസ്യത, കാര്യക്ഷമത, പ്രകടനം എന്നിവ ഡീസൽ ബസുകളുമായി താരതമ്യം ചെയ്ത് വിലയിരുത്തും.
Content Highlights: Oman is preparing to test a hydrogen-powered bus in Muscat as part of efforts to promote eco-friendly and sustainable transportation. The trial is expected to explore the potential of hydrogen technology for cleaner public mobility in the country.