ഒമാന്റെ ദേശീയദിനാഘോഷവുമായി ബന്ധപ്പെട്ട് വാണിജ്യ ഉല്‍പ്പന്നങ്ങളില്‍ ദേശീയ ചിഹ്നങ്ങളും മുദ്രകളും ഉപയോഗിക്കുന്നതിന് മുന്കൂറ് അനുമതി വാങ്ങിക്കണമെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം (MoCIIP) അറിയിച്ചു. ഈ ചിഹ്നങ്ങള്‍ മാന്യമായും കൃത്യമായും ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ബിസിനസുകളും വ്യക്തികളും ഔദ്യോഗിക അനുമതി നേടേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി ഒക്ടോബര്‍ 15നുള്ളില്‍ മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണമെന്നാണ് മന്ത്രാലയം അറിയിച്ചത്. നിശ്ചിത സമയപരിധിക്കുള്ളില്‍ തന്നെ ബിസിനസ് സ്ഥാപനങ്ങളും ഉല്പാദകരും ഇതിനായി അപേക്ഷകള്‍ സമര്‍പ്പിച്ച് അനുമതി പത്രം വാങ്ങിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
ദേശീയ ചിഹ്നങ്ങളുടെ അന്തസ്സും പ്രാധാന്യവും നിലനിര്‍ത്തുന്നതിനും അവ ദുരുപയോദം ചെയ്യുന്നത് തടയാനും അവ ഉത്തരവാദിത്വത്തോടെയും ആദരവോടെയും ഉപയോഗിക്കുന്നു എന്ന് ഉറപ്പാക്കാനുമാണ് ഈ നടപടി. സുല്‍ത്താന്റെ ചിത്രങ്ങള്‍, ദേശീയ ചിഹ്നം (ഖഞ്ചറും രണ്ട് കുറുകെയുള്ള വാളുകളും), ഒമാന്റെ ദേശീയ പതാക, ഒമാന്റെ ഭൂപടം എന്നിവ ഉപയോഗിക്കുന്നതിലാണ് മന്ത്രാലയം മുന്‍കൂര്‍ അനുമതി വേണമെന്ന് അറിയിച്ചത്. കൂടാതെ വാണിജ്യ വസ്തുക്കളില്‍ ചില സെന്‍സിറ്റീവ് ദേശീയ, മത സൈറ്റുകള്‍ ഉപയോഗിക്കുന്നത് മന്ത്രാലയം കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. രാജകീയ ചിഹ്നങ്ങള്‍, രാജകീയ പള്ളികളുടെ ചിത്രങ്ങള്‍, രാജകീയ കൊട്ടാരങ്ങളുടെ ചിത്രങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
അനുമതി ലഭിക്കുന്നതിന് അപേക്ഷകര്‍ അവരുടെ അപേക്ഷ ലൈസന്‍സിങ് വകുപ്പിന് നേരിട്ട് സമര്‍പ്പിക്കണം. ദേശീയ ചിഹ്നമോ മുദ്രയോ എങ്ങനെ, എവിടെ പ്രയോഗിക്കുമെന്ന് കൃത്യമായി കാണിക്കുന്ന ഉല്‍പ്പന്നത്തിന്റെ വ്യക്തമായ ചിത്രങ്ങള്‍ ഈ അപേക്ഷയ്ക്കൊപ്പം ഉള്‍പ്പെടുത്തണം. ദേശീയ ചിഹ്നങ്ങളെ സംരക്ഷിക്കുന്നതിനും സമൂഹത്തിലും വിപണിയിലും അവയുടെ ഉത്തരവാദിത്തപരമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ഈ നിയമം അത്യന്താപേക്ഷിതമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
Content Highlight: Oman’s Ministry of Commerce, Industry and Investment Promotion (MoCIIP) has instructed businesses and manufacturers to obtain approval by October 15 before using national symbols and emblems on commercial products.