വ്യാപാരത്തിന് ഇനി പുതിയ വേഗം; ഇന്ത്യ-ഒമാൻ വാണിജ്യ കരാറിലെ വൻ ഇളവുകൾ പ്രഖ്യാപിച്ച് ഒമാൻ കസ്റ്റംസ്

2026 ഫെബ്രുവരി 15-നാണ് ഇന്ത്യയും ഒമാനും തമ്മിൽ ചരിത്രപരമായ സിഇപിഎ കരാറിൽ ഒപ്പുവെച്ചത്

ഇന്ത്യയും ഒമാനും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ കസ്റ്റംസ് വ്യവസ്ഥകളും വ്യാപാര ആനുകൂല്യങ്ങളും വിശദീകരിച്ച് ഒമാൻ കസ്റ്റംസ്. ഇരു രാജ്യങ്ങൾക്കുമിടയിൽ ഉഭയകക്ഷി വാണിജ്യം സുഗമമാക്കുന്നതിനും വ്യാപാര ചെലവുകൾ കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചത്. സുൽത്താനേറ്റിന്റെ സാമ്പത്തിക വളർച്ചയ്ക്കും ഉത്പാദന മേഖലകൾക്കും പുതിയ കരാർ വൻ നേട്ടമാകുമെന്ന് അധികൃതർ അറിയിച്ചു.

2026 ഫെബ്രുവരി 15-നാണ് ഇന്ത്യയും ഒമാനും തമ്മിൽ ചരിത്രപരമായ സിഇപിഎ കരാറിൽ ഒപ്പുവെച്ചത്. ഇരു രാജ്യങ്ങൾക്കുമിടയിൽ കൈമാറ്റം ചെയ്യപ്പെടുന്ന ചരക്കുകളുടെയും സേവനങ്ങളുടെയും ശ്രേണി വിപുലീകരിക്കാനും ഇറക്കുമതി-കയറ്റുമതി വ്യാപ്തി വർദ്ധിപ്പിക്കാനും കരാറിലൂടെ സാധിക്കും. നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും കസ്റ്റംസ് തുറമുഖങ്ങളിലൂടെയുള്ള ചരക്കുകളുടെ സുഗമമായ നീക്കത്തെ പിന്തുണയ്ക്കുന്നതിനുമുള്ള വിവരങ്ങളാണ് ഒമാൻ കസ്റ്റംസ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

യോഗ്യമായ ഉത്പ്പന്നങ്ങളുടെ കസ്റ്റംസ് തീരുവ പൂർണ്ണമായി ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നതാണ് പ്രധാന ആനുകൂല്യം. താരിഫ് ഇതര തടസ്സങ്ങൾ പരിഹരിക്കുന്നതിലൂടെ ഇന്ത്യൻ വിപണിയിൽ ഒമാനി ഉത്പ്പന്നങ്ങൾക്ക് മുൻഗണനാ പ്രവേശനം ലഭിക്കും. ഇത് ഇരു രാജ്യങ്ങളിലെയും ബിസിനസുകൾക്കും നിർമ്മാണ മേഖലകൾക്കും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഒമാൻ കസ്റ്റംസ് വ്യക്തമാക്കി.

ജിസിസി, ആഫ്രിക്ക, മധ്യേഷ്യ എന്നിവിടങ്ങളിലെ വിപണികളിലേക്ക് പ്രവേശനം നൽകിക്കൊണ്ട് തന്ത്രപരമായ പ്രാദേശിക വ്യാപാര കേന്ദ്രമായി മാറാനാണ് ഒമാൻ ലക്ഷ്യമിടുന്നത്. ഒമാന്റെ സാമ്പത്തിക വൈവിധ്യവത്ക്കരണ തന്ത്രത്തിന്റെ ഭാഗമായ ഈ കരാർ 'ഒമാൻ വിഷൻ 2040' ന്റെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുകയും രാജ്യത്തിന്റെ സുസ്ഥിര സാമ്പത്തിക വികസനത്തിന് വഴിയൊരുക്കുകയും ചെയ്യും.

Content Highlights: Oman Customs has announced major tariff concessions under the India-Oman trade agreement, expected to accelerate bilateral trade and create new opportunities for businesses in both countries.

To advertise here,contact us