വാഹന ഗ്ലാസുകള്‍ക്ക് പരമാവധി 50 ശതമാനം ടിന്റ് മാത്രം; നിയമങ്ങൾ വീണ്ടും ഓര്‍മ്മിപ്പിച്ച് ഒമാൻ പൊലീസ്

ഫാക്ടറിയില്‍ നിന്നുതന്നെ ടിന്റ് ചെയ്ത് വരുന്ന സൈഡ് ഗ്ലാസുകളുള്ള വാഹനങ്ങള്‍ക്കും ഒമാനിൽ അനുമതിയുണ്ട്

വാഹനങ്ങളുടെ ഗ്ലാസുകളില്‍ ടിന്റ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ കൂടുതൽ വ്യക്തത വരുത്തി റോയല്‍ ഒമാന്‍ പൊലീസ്. റോഡ് സുരക്ഷ പൂർണ്ണമായും ഉറപ്പാക്കുന്നതിനൊപ്പം വാഹനയാത്രികരുടെ സൗകര്യവും കൂടി പരിഗണിച്ചാണ് പൊതുജനങ്ങള്‍ക്കായി ഈ നിര്‍ദ്ദേശങ്ങള്‍ വീണ്ടും പുറപ്പെടുവിച്ചിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

പുതിയ അറിയിപ്പനുസരിച്ച് വാഹനത്തിന്റെ മുന്‍വശത്തെ വിന്‍ഡ്ഷീല്‍ഡില്‍ യാതൊരു തരത്തിലുള്ള ടിന്റും ഉപയോഗിക്കാൻ അനുവദിക്കില്ല. എന്നാല്‍ വശങ്ങളിലെയും പിൻവശത്തെയും ജനല്‍ ഗ്ലാസുകളില്‍ പരമാവധി 50 ശതമാനം വരെ ടിന്റ് ഉപയോഗിക്കാവുന്നതാണ്. ഇതിലധികം ഇരുണ്ട രീതിയിൽ ടിന്റ് ഉപയോഗിക്കുന്നത് കടുത്ത നിയമലംഘനമായി കണക്കാക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

ഫാക്ടറിയില്‍ നിന്നുതന്നെ ടിന്റ് ചെയ്ത് വരുന്ന സൈഡ് ഗ്ലാസുകളുള്ള വാഹനങ്ങള്‍ക്കും ഒമാനിൽ അനുമതിയുണ്ട്. എന്നാല്‍ അത്തരം ഗ്ലാസുകളിലൂടെ കുറഞ്ഞത് 30 ശതമാനമെങ്കിലും പ്രകാശം കടന്നുപോകാന്‍ കഴിയണം. അതായത്, ഫാക്ടറി ടിന്റ് ആണെങ്കിൽ പോലും ഗ്ലാസ് പൂര്‍ണ്ണമായും ഇരുണ്ടതാകാന്‍ പാടില്ലെന്ന് പൊലീസ് പ്രത്യേകം വ്യക്തമാക്കി.

വാഹനങ്ങളുടെ പുറംഭാഗത്ത് ഉപയോക്താക്കൾ ചെയ്യാറുള്ള മാറ്റ് ഫിനിഷ് റാപ്പുകളും പെയിന്റുകളും സംബന്ധിച്ചും പൊലീസ് കൃത്യമായ വിശദീകരണം നല്‍കിയിട്ടുണ്ട്. തിളക്കമില്ലാത്ത മാറ്റ് ഫിനിഷുകൾ വാഹനങ്ങളിൽ ഉപയോഗിക്കാമെങ്കിലും അതിന് ചെറിയ തോതിലെങ്കിലും വെളിച്ചം പ്രതിഫലിപ്പിക്കാനുള്ള ശേഷി ഉണ്ടായിരിക്കണം. പൂർണ്ണമായും വെളിച്ചം പ്രതിഫലിപ്പിക്കാത്ത രൂപത്തിലുള്ള മാറ്റങ്ങൾ വരുത്താൻ പാടില്ല.

വാഹനങ്ങളുടെ രൂപഭംഗി വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം സുരക്ഷാ മാനദണ്ഡങ്ങളും കര്‍ശനമായി പാലിക്കേണ്ടത് നിര്‍ബന്ധമാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് ഓര്‍മ്മിപ്പിച്ചു. വാഹനങ്ങളില്‍ ടിന്റ് ചെയ്യുകയോ പുറം ഭാഗത്തിന്റെ നിറം മാറ്റുകയോ ചെയ്യുന്നതിന് മുന്‍പ് നിലവിലെ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉടമകള്‍ ഉറപ്പാക്കണം. വാഹനങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ പൊതുജനങ്ങളുടെ സംശയങ്ങള്‍ ഒഴിവാക്കാനാണ് ഈ പുതിയ വിശദീകരണം നൽകിയിരിക്കുന്നത്.

Content Highlights: The Royal Oman Police have reiterated the country's vehicle window tint regulations, reminding motorists that window tinting is allowed only up to 50%. Drivers are urged to comply with the rules to avoid fines and other legal consequences.

To advertise here,contact us