ഒമാനിൽ വരും ദിവസങ്ങളിലും കടുത്ത ചൂട് തുടരുമെന്ന് ഔദ്യോഗിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അന്തരീക്ഷത്തിലെ ഉയർന്ന സമ്മർദ്ദവും വടക്ക്-പടിഞ്ഞാറ് ദിശയിൽ നിന്നുള്ള വരണ്ട കാറ്റുമാണ് രാജ്യത്ത് ചൂട് ഇത്രയധികം കൂടാൻ കാരണം. ഒമാൻ കടൽത്തീരത്തോട് ചേർന്നുള്ള പ്രദേശങ്ങളിൽ തിങ്കളാഴ്ച മുതൽ ചൂട് ഗണ്യമായി വർദ്ധിക്കും. തീരദേശങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ രേഖപ്പെടുത്താനാണ് സാധ്യത.
രാജ്യത്തിന്റെ ചില ഉൾനാടൻ മേഖലകളിൽ ചൂട് വരും ദിവസങ്ങളിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. എന്നാൽ അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളുടെ തീരപ്രദേശങ്ങളിൽ കാലാവസ്ഥ താരതമ്യേന ശാന്തവും അനുകൂലവുമായിരിക്കും.
ചൂട് കടുക്കുന്ന സാഹചര്യത്തിൽ സിവിൽ ഡിഫൻസ് ഉൾപ്പെടെയുള്ള അധികൃതർ പൊതുജനങ്ങൾക്ക് സുരക്ഷാ നിർദ്ദേശങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. ഉച്ചസമയങ്ങളിൽ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് പൂർണ്ണമായും ഒഴിവാക്കുക, ശരീരത്തിൽ നിർജ്ജലീകരണം ഉണ്ടാകാതിരിക്കാൻ ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് ശീലമാക്കുക, കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിക്കുന്ന ഔദ്യോഗിക വിവരങ്ങളും സുരക്ഷാ നിർദ്ദേശങ്ങളും നിരന്തരം പിന്തുടരുക എന്നിങ്ങനെയാണ് നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്.
Content Highlights: Oman continues to experience intense summer heat, with meteorologists warning that temperatures could surpass 50°C in certain parts of the country. Authorities have urged residents to take precautions against heat-related illnesses and avoid prolonged outdoor exposure during peak daytime hours.