അധിക വിമാന ടിക്കറ്റ് തിരിച്ചടി; നാട്ടിലേക്ക് പോകാൻ കഴിയാതെ പ്രതിസന്ധിയിലായി ഒമാൻ പ്രവാസികൾ

മസ്‌കറ്റില്‍ നിന്ന് കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യണമെങ്കില്‍ വലിയ നിരക്ക് നല്‍കേണ്ടി വരും

അധിക വിമാന ടിക്കറ്റ് മൂലം പ്രതിസന്ധിയിലായി പ്രവാസികള്‍. ഉയര്‍ന്ന നിരക്ക് മൂലം സ്‌കൂള്‍ അവധിക്കാലക്ക് നാട്ടിലേക്ക് പോകാന്‍ കഴിയുമോ എന്ന് ആശങ്കയിലാണ് പലരും. അവധിക്കാലത്തെ തിരക്കേറിയ സീസണില്‍ മസ്‌ക്കറ്റില്‍ നിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ 50 ശതമാനത്തോളമാണ് വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്.

മെയ് മൂന്നാം വാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന വലിയ പെരുന്നാള്‍ അവധി ദിനങ്ങളോട് അനുബന്ധിച്ച്, ഒമാനിലെ വിവിധ ഇന്ത്യന്‍ സ്‌കൂളുകളുടെ വേനല്‍ക്കാല അവധി ദിനങ്ങള്‍ ഈ വര്‍ഷം പതിവിലും നേരത്തെ ആരംഭിക്കും. എന്നാല്‍ അവധിക്കാലക്ക് നാട്ടിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന പ്രവാസി കുടുംബങ്ങള്‍ക്ക് മുന്നിലെ വലിയ പ്രതിസന്ധിയാണ് ഉയര്‍ന്ന വിമാന ടിക്കറ്റ് നിരക്ക്. മെയ് 21 മുതല്‍ ഒമാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകളില്‍ വലിയ വര്‍ദ്ധനവാണ് ഇപ്പോള്‍ കാണിക്കുന്നത്. 20 മുതല്‍ 50 ശതമാനം വരെയാണ് അവധിക്കാല സീസണിലെ വര്‍ദ്ധനവ്.

ഡിമാന്‍ഡ് കൂടുതലുള്ള ദിവസങ്ങളില്‍ വണ്‍വേ ടിക്കറ്റിന് 100 മുതല്‍ 150 റിയാല്‍ വരെ നല്‍കണം. വാരാന്ത്യങ്ങള്‍, പ്രവൃത്തിദിനങ്ങള്‍ എന്നിവയെ ആശ്രയിച്ച് നിരക്കുകളില്‍ വ്യത്യാസമുണ്ട്. യാത്രക്ക് ഏറ്റവും ചെലവേറിയ മേഖല കേരളമാണ്. മസ്‌കറ്റില്‍ നിന്ന് കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യണമെങ്കില്‍ വലിയ നിരക്ക് നല്‍കേണ്ടി വരും. മറ്റ് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് പേകണമെങ്കിലും ഇത് തന്നെയാണ് സാഹചര്യം.

ഇന്ധന പ്രതിസന്ധി ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളാണ് നിരക്ക് വര്‍ദ്ധനവിന് കാരണമായി വിമാന കമ്പനികള്‍ ചൂണ്ടികാട്ടുന്നത്. വിമാന ടിക്കറ്റ് നിരക്കിലെ വര്‍ദ്ധനവ് ബുക്കിംഗ് നിരക്കിലും കുറവ് ഉണ്ടാകാന്‍ കാരണമായതായി ട്രാവല്‍ ഏജന്‍സികള്‍ ചൂണ്ടികാട്ടുന്നു.

Content Highlights: Rising air ticket prices in Oman are creating difficulties for expatriates, leaving many unable to travel home. The sudden fare hike has caused major concern among Indian expats and families.

To advertise here,contact us