പശ്ചിമേഷ്യൻ സംഘർഷ ദിനങ്ങളിൽ രാജ്യത്തിന് നേർക്കുണ്ടായ ഇറാനിയൻ ആക്രമണങ്ങളും അതിനോടുള്ള കുവൈറ്റിന്റെ പ്രതികരണങ്ങളും പത്താം ക്ലാസിലെ ചരിത്ര പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം. രാജ്യത്തെ പത്താം ക്ലാസിലെ 'ദി സ്റ്റേറ്റ് ഓഫ് കുവൈറ്റ്: ദി ജേർണി ആൻഡ് ദി എന്റിറ്റി' എന്ന ചരിത്ര പാഠപുസ്തകത്തിലെ 56, 57 പേജുകളിലാണ് ഈ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത്. പുതിയ തലമുറയിൽ രാജ്യസ്നേഹവും ഐക്യബോധവും വളർത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് കുവൈറ്റ് ദിനപത്രമായ 'അൽ ഖബസ്' റിപ്പോർട്ട് ചെയ്തു.
കുവൈറ്റിന്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമായി വിശേഷിപ്പിച്ച ഈ അക്രമണങ്ങളെ 'പാപപൂർണ്ണമായ ഇറാനിയൻ ആക്രമണങ്ങൾ' എന്നാണ് പാഠപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ ഊർജ്ജ, ജലസ്രോതസ്സുകൾ, കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം, പബ്ലിക് ഇൻസ്റ്റിറ്റ്യൂഷൻ ഫോർ സോഷ്യൽ സെക്യൂരിറ്റി കെട്ടിടം, മിനിസ്ട്രീസ് കോംപ്ലക്സ്, ജനവാസ മേഖലകൾ എന്നിവയ്ക്ക് നേരെ ഇറാനും ഇറാൻ പിന്തുണയുള്ള സംഘടനകളും നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ പുസ്തകം വിശദീകരിക്കുന്നു.
ജൂൺ മൂന്നിന് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഉണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ യാത്രക്കാരൻ കൊല്ലപ്പെടുകയും 63 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ ആക്രമണത്തിന്റെ ചിത്രങ്ങളും പാഠപുസ്തകത്തിൽ നൽകിയിട്ടുണ്ട്. കൂടാതെ, ജൂലൈ 17-ന് ജലശുദ്ധീകരണ, വൈദ്യുതി ഉത്പാദന നിലയത്തിന് നേരെ നടന്ന ആക്രമണത്തെക്കുറിച്ചും പുസ്തകം പ്രതിപാദിക്കുന്നുണ്ട്.
പ്രതിസന്ധി ഘട്ടങ്ങളിൽ കുവൈറ്റ് അമീർ ശൈഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ നേതൃത്വത്തിൽ രാജ്യം കാണിച്ച പ്രതിരോധവും ദേശീയ ഐക്യവും പുസ്തകത്തിൽ എടുത്തുപറയുന്നു. അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാനും മേഖലയിൽ സമാധാനം നിലനിർത്താനും കുവൈറ്റ് നടത്തിയ നയതന്ത്ര ശ്രമങ്ങളും പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്. തങ്ങളുടെ വ്യോമാതിർത്തിയോ ഭൂപരിധിയോ മറ്റ് രാജ്യങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന കുവൈറ്റിന്റെ വ്യക്തമായ നിലപാടും ഇതിൽ വ്യക്തമാക്കുന്നു.
അതേസമയം യുഎസും ഇറാനും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അടുത്തിടെയും കുവൈറ്റിന് നേരെ ആക്രമണം ഉണ്ടായിരുന്നു. സെപ്റ്റംബർ രണ്ടിന് ഒരു റെസിഡൻഷ്യൽ കോംപ്ലക്സിന് നേരെ ഉണ്ടായ ഇറാനിയൻ ഡ്രോൺ ആക്രമണത്തെത്തുടർന്നുണ്ടായ തീപിടുത്തം അടിയന്തരമായി അണയ്ക്കാൻ കഴിഞ്ഞതായി കുവൈറ്റ് അഗ്നിശമന സേന അറിയിച്ചിരുന്നു. ഇതിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
Content Highlights: Kuwait has decided to include details of Iran attacks in school textbooks with the aim of promoting patriotism among the younger generation. The move is part of efforts to educate students about historical events and strengthen national awareness.