കുവൈറ്റിൽ തുറസ്സായ സ്ഥലങ്ങളിൽ ഉച്ചസമയത്ത് ഏർപ്പെടുത്തിയിരുന്ന പുറംപണി വിലക്കിന്റെ കാലാവധി പൂർത്തിയായതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) അറിയിച്ചു. മോശം കാലാവസ്ഥയിലും കഠിനമായ ചൂടുള്ള സമയങ്ങളിലും തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള തൊഴിൽ നിയമമനുസരിച്ച് നടപ്പിലാക്കിയ ഈ നിയന്ത്രണമാണ് ഓഗസ്റ്റ് 31-ഓടെ അവസാനിച്ചത്.
വേനൽക്കാലത്തെ കഠിനമായ ചൂടിൽ നിന്നും നേരിട്ടുള്ള സൂര്യപ്രകാശത്തിൽ നിന്നും തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി ജൂൺ ഒന്ന് മുതലാണ് മൂന്ന് മാസത്തെ ഈ താൽക്കാലിക വിലക്ക് പ്രാബല്യത്തിൽ വന്നത്. ഉച്ചയ്ക്ക് 11 മുതൽ വൈകുന്നേരം 4 വരെയുള്ള സമയത്തായിരുന്നു തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിന് നിയന്ത്രണമുണ്ടായിരുന്നത്. അമിത ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും അപകടങ്ങളും കുറയ്ക്കാനും സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാനും ഈ നടപടിയിലൂടെ സാധിച്ചിട്ടുണ്ട്.
വിലക്ക് അവസാനിച്ചെങ്കിലും തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്ന അനുയോജ്യമായ തൊഴിൽ സാഹചര്യങ്ങൾ തൊഴിലുടമകൾ തുടർന്നും നൽകണമെന്ന് അതോറിറ്റി നിർദ്ദേശിച്ചു. തൊഴിലിടങ്ങളിലെ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നത് തുടരുമെന്നും നിയമലംഘനം നടത്തുന്ന തൊഴിലുടമകൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും പബ്ലിക് അതോറിറ്റി അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി.
Content Highlights: Kuwait’s summer midday break rule has ended, but authorities have directed employers to continue implementing workplace safety measures to protect workers and maintain safe working conditions during high temperatures.