കുവൈറ്റിൽ കടുത്ത വേനൽച്ചൂടിനെ തുടർന്ന് ബൈക്ക് ഡെലിവറി ജീവനക്കാർക്ക് ഉച്ചസമയത്ത് ജോലി ചെയ്യുന്നതിന് വിലക്ക്. ജൂൺ ഒന്ന് മുതൽ ഓഗസ്റ്റ് 31 വരെ എല്ലാ ദിവസവും രാവിലെ 11 മണി മുതൽ വൈകിട്ട് നാല് മണി വരെയാണ് നിയന്ത്രണം. തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.
കുവൈറ്റിൽ ബൈക്കുകൾ ഉപയോഗിച്ചുള്ള ഡെലിവറി സേവനങ്ങൾക്കാണ് ഉച്ചസമയ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ജൂൺ ഒന്ന് മുതൽ ഓഗസ്റ്റ് 31 വരെ രാവിലെ 11 മണി മുതൽ വൈകിട്ട് 4 മണി വരെയുള്ള സമയങ്ങളിലാണ് നിയന്ത്രണം. ഈ സമയങ്ങളിൽ ബൈക്ക് വഴിയുള്ള ഡെലിവറി പ്രവർത്തനങ്ങൾ അനുവദിക്കില്ല. തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഇതേ സമയങ്ങളിൽ ജോലി ചെയ്യുന്നതിന് നേരത്തെ മാനവശേഷി അധികൃതർ വിലക്ക് ഏർപ്പെടുത്തിയിരുന്നു. കടുത്ത ചൂടും പ്രതികൂല കാലാവസ്ഥയും മൂലമുണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കാനാണ് പുതിയ തീരുമാനം.
നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് വിഭാഗം മുന്നറിയിപ്പ് നൽകി. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി എല്ലാ സ്ഥാപന ഉടമകളും ഉത്തരവ് പൂർണമായി പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. വേനൽക്കാലത്ത് ഉച്ചസമയങ്ങളിൽ ബൈക്ക് ഓടിച്ച് ജോലി ചെയ്യുന്നത് അതീവ ദുഷ്കരമാണെന്നും പുതിയ നിയന്ത്രണം ഏറെ ആശ്വാസകരമാണെന്നും ഡെലിവറി മേഖലയിലെ തൊഴിലാളികൾ പറഞ്ഞു. മാനുഷികവും സുരക്ഷിതവും ദീർഘകാലാടിസ്ഥാനത്തിലുള്ള തൊഴിൽ അന്തരീക്ഷവും ഉറപ്പാക്കാനുള്ള സർക്കാർ നടപടികളുടെ ഭാഗമായാണ് പുതിയ നിയന്ത്രണം നടപ്പിലാക്കുന്നത്.
Content Highlights: Kuwait has introduced measures limiting the working hours of bike delivery personnel during peak afternoon heat. The move is part of efforts to safeguard workers' health and safety amid soaring summer temperatures.