നിയന്ത്രണ മേഖലയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി; കുവൈറ്റിൽ പ്രവാസികള്‍ ഉള്‍പ്പെടെ 29 പേര്‍ അറസ്റ്റില്‍

അറസ്റ്റിലായവരെ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു

കുവൈറ്റില്‍ നിയന്ത്രണ മേഖലയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രവാസികള്‍ ഉള്‍പ്പെടെ 29 പേര്‍ അറസ്റ്റില്‍. നിലവിലെ സംഘര്‍ഷ സാഹചര്യത്തില്‍ രാജ്യത്തെ തന്ത്രപ്രധാന സ്ഥലങ്ങളുടെ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തരുതെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന്റെ പേരിലാണ് നടപടി. തെറ്റായ വിവരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്കെതരിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ തന്ത്രപ്രധാന മേഖലകളുടെ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തുകയോ അവ പങ്കുവക്കുവക്കുകയോ ചെയ്യരുതെന്ന് ആഭ്യന്തര മന്ത്രാലയം പല തവണ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത് ലംഘിച്ച് പ്രധാന സ്ഥലങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തിയതിന്റെ പേരിലാണ് പ്രവാസികള്‍ ഉള്‍പ്പെടയുള്ളവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ 29 പേരില്‍ 23 പേരും പ്രവാസികളാണ് . ആറ് കുവൈറ്റ് പൗരന്മാരും ഇതില്‍ ഉള്‍പ്പെടുന്നു.

അറസ്റ്റിലായവരെ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത്തരം ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയും ശത്രുക്കള്‍ക്ക് നിര്‍ണായ വിവരങ്ങള്‍ ലഭിച്ചേക്കാമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. നിലവിലെ സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയ വഴി വീഡിയോകളും ചിത്രങ്ങളും പങ്കുവെക്കുന്നതിന് കര്‍ശന നിയന്ത്രണമാണ് രാജ്യത്ത് നിലവിലുളളത്. ആക്രമണ സ്ഥലങ്ങള്‍, മിസൈലിന്റെയും ഡോണിന്റെയും അവശിഷ്ടങ്ങള്‍ എന്നിവ പ്രചരിപ്പിക്കരുതെന്ന് അധികൃതര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

സുരക്ഷാ ഉദ്യോഗസ്ഥരുടെ നീക്കങ്ങളോ തന്ത്രപ്രധാനമായ വിവരങ്ങളോ അടങ്ങിയ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ്. ഇതിന് പുറമെ ആക്രമണവുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതും ഗുരുതരമായ കുറ്റമാണ്. ഇത്തരം വ്യാജ സന്ദേശങ്ങള്‍ ജനങ്ങളില്‍ പരിഭ്രാന്തിയുണ്ടാക്കാന്‍ കാരണമാകുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം പിന്‍തുടരണമെന്നും നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. രാജ്യത്തെ സമൂഹ മാധ്യമ അക്കൗണ്ടുകളും സൂഷ്മമായി നിരീക്ഷിക്കുന്നുണ്ട്.

Content Highlights: Kuwait authorities have arrested 29 individuals, including expatriates, for filming in restricted areas. The action underscores the country’s strict enforcement of security regulations and serves as a warning to the public against unauthorized recording in sensitive zones.

To advertise here,contact us