സുഹൃത്തിന്റെ മൃതദേഹം വീൽചെയറിൽ ആശുപത്രിയിൽ എത്തിച്ച് കടന്നുകളഞ്ഞു: കുവൈറ്റില്‍ രണ്ട് ഇന്ത്യക്കാർ അറസ്റ്റിൽ

മരിച്ചയാളും ഇന്ത്യൻ പ്രവാസിയാണെന്നാണ് വിവരം

കുവൈറ്റ് സിറ്റി: കുവൈറ്റിൽ സുഹൃത്തിന്റെ മൃതദേഹം വീൽചെയറിൽ ആശുപത്രിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ സംഭവത്തില്‍ രണ്ട് ഇന്ത്യക്കാർ അറസ്റ്റില്‍. മുബാറക് അൽ കബീർ ആശുപത്രിയിലാണ് നാടകീയ സംഭവങ്ങള്‍ നടന്നത്. സുഹൃത്തിന്റെ മൃതദേഹം വീൽചെയറിൽ ഇരുത്തി ചികിത്സയ്ക്കെന്ന വ്യാജേന ആശുപത്രിയിൽ എത്തിച്ച ശേഷം ഇവർ കടന്ന് കളയുകയായിരുന്നു. എന്നാൽ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് തന്നെ ഇയാള്‍ മരണപ്പെട്ടിരുന്നുവെന്ന് ഡോക്ടർമാരുടെ പരിശോധനയില്‍ വ്യക്തമായി.

രണ്ട് പേർ ചേർന്ന് വീൽചെയറിലിരുത്തിയ 'രോഗി'യെ ആശുപത്രി വാർഡ് അറ്റൻഡന്റിന് കൈമാറി, അടിയന്തര ചികിത്സ ആവശ്യമാണെന്ന് പറഞ്ഞ ശേഷം ആശുപത്രി പരിസരത്ത് നിന്ന് ഓടിപ്പോകുകയായിരുന്നു. പിന്നീട് മരണം സ്ഥിരീകരിച്ചതോടെ ആശുപത്രി അധികൃതർ പോലീസിനെ അറിയിച്ചു.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും മറ്റ് തെളിവുകൾ ശേഖരിച്ചും നടത്തിയ അന്വേഷണത്തിൽ, മൃതദേഹം എത്തിച്ചത് ഇന്ത്യൻ പൗരന്മാരായ രണ്ട് പ്രവാസികളാണെന്ന് തിരിച്ചറിഞ്ഞു. പിന്നീട് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ കുവൈറ്റിൽ അനധികൃതമായി താമസിക്കുന്നവരാണെന്നും (expired visa), മരണം റിപ്പോർട്ട് ചെയ്യാനോ അധികൃതരെ സമീപിക്കാനോ ഭയന്നാണ് ഇത്തരത്തിൽ മൃതദേഹം ഉപേക്ഷിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

മരിച്ചയാളും ഇന്ത്യൻ പ്രവാസിയാണെന്നാണ് വിവരം. മരണകാരണം, മൃതദേഹം ഇങ്ങനെ ആശുപത്രിയിൽ എത്തിച്ചതിന്റെ പൂർണ സാഹചര്യങ്ങൾ എന്നിവ പോലീസ് വിശദമായി അന്വേഷിക്കുകയാണ്. പ്രതികൾക്കെതിരെ നിയമനടപടികൾ തുടരുന്നതായി കുവൈറ്റ് അധികൃതർ അറിയിച്ചു.

Content Highlights: Kuwait police have arrested two Indian nationals after they allegedly took their deceased friend’s body to a hospital in a wheelchair

To advertise here,contact us